പി പി ചെറിയാന്‍
ടെക്‌സസ്: ഹൈസ്‌കൂള്‍ പ്രോം ഡാന്‍സ് പാര്‍ട്ടിക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയ സംഭവത്തില്‍ ടെക്‌സാസിലെ മക്അലന്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ജോണ്‍ മൈക്കല്‍ (60), ടീന മേരി മക്കിന്റൈര്‍ (55) എന്നിവരെയാണ് മക്അലന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മദ്യപിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.
പോലീസ് എത്തിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഒരു ആണ്‍കുട്ടിയില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം വന്നിരുന്നു. തുടര്‍ന്ന് പോലീസ് അകത്തു കയറിയപ്പോള്‍, 'പോലീസ് വന്നിട്ടുണ്ട്, ശബ്ദമുണ്ടാക്കരുത്', 'മദ്യം ഒളിപ്പിച്ചു വെക്കൂ' എന്ന് കൗമാരക്കാരായ കുട്ടികള്‍ പരസ്പരം രഹസ്യം പറയുന്നത് കേട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധനയില്‍ വീടിന്റെ പിന്‍ഭാഗത്തുനിന്നും നിരവധി മദ്യക്കുപ്പികളും കാനുകളും കണ്ടെത്തുകയും, 16-ഉം 17-ഉം വയസ്സുള്ള 22 കുട്ടികളെ ഇവിടെ ഒത്തുകൂടിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു. കുട്ടികള്‍ക്ക് മദ്യം നല്‍കിയതും അതിനുള്ള സൗകര്യം ഒരുക്കിയതും വീട്ടുടമസ്ഥരായ ദമ്പതികളാണെന്ന് കുട്ടികള്‍ പോലീസിനോട് സമ്മതിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ദമ്പതികളെ, പിന്നീട് 4000 ഡോളറിന്റെ ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത 22 കുട്ടികള്‍ക്കെതിരെയും പോലീസ് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.