സമൃദ്ധി @ കൊച്ചി; പത്ത് രൂപയ്ക്ക് ഊണുമായി കൊച്ചി കോര്‍പറേഷന്‍

By: 600007 On: Oct 7, 2021, 5:42 PM

എറണാകുളം നഗരത്തില്‍ ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി 10 രൂപയ്ക്ക് ഊണ് എന്ന പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍. കുടുംബശ്രീയുടെ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ചലചിത്ര താരം മഞ്ജു വാര്യരാണ് നിര്‍വഹിച്ചത്. മഞ്ജു വാര്യര്‍ പായസം വിളമ്പിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 

കൊച്ചി കോര്‍പറേഷനിലെ 2021 ലെ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതിയായിരുന്നു സമൃദ്ധി @ കൊച്ചി. 14 വനിതകളാണ് സംരംഭത്തിന് പിന്നില്‍. 1500 പേര്‍ക്ക് ഒരു ദിവസം ഭക്ഷണം നല്‍കാവുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ അടുക്കളയാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.

സാമ്പാര്‍/ ഏതെങ്കിലും ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് ഊണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്ക് പ്രത്യേകം പണം നല്‍കണം. പക്ഷേ മിതമായ നിരക്ക് മാത്രമേ ഈടാക്കൂ എന്ന് മേയര്‍ എം അനില്‍ കുമാര്‍ അറിയിച്ചു.

Content Highlights: Samrudhi kochi 10 rupee lunch