പ്രസാദ് തീയാടിക്കല്‍
കാലിഫോര്‍ണിയ: ഇസ്ലാമിക് സെന്റര്‍ സാന്‍ ഡിയേഗോ യില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ട് സംശയിതരും ഉള്‍പ്പെടുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
മസ്ജിദിനുള്ളില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. പിന്നാലെ രക്ഷപ്പെട്ടതായി കരുതപ്പെട്ടിരുന്ന രണ്ട് സംശയിതാക്കളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ സ്വയം വെടിവെച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം വിദ്വേഷ ആക്രമണമാകാമെന്ന സാധ്യത പൊലീസ് പരിശോധിച്ചുവരികയാണ്. മരിച്ചവരില്‍ മസ്ജിദിലെ ഒരു സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ സഹായിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.
മസ്ജിദിനോട് അനുബന്ധിച്ചുള്ള സ്‌കൂളിലുണ്ടായിരുന്ന കുട്ടികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിച്ചുവരികയാണ്.