ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളെ കണ്ടെത്താനായി 'യു.എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട്' തയ്യാറാക്കിയ 2026-ലെ ആഗോള റാങ്കിംഗിൽ കാനഡ ആദ്യ ഇരുപതിൽ ഇടംപിടിച്ചു. ലിസ്റ്റിലുള്ള 100 രാജ്യങ്ങളിൽ 19-ാം സ്ഥാനമാണ് കാനഡ സ്വന്തമാക്കിയത്. സാമ്പത്തിക ഉൽപ്പാദനത്തിന് പുറമെ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, പാരിസ്ഥിതിക മേൽനോട്ടം, പൗരന്മാരുടെ പങ്കാളിത്തം തുടങ്ങിയ ഓപ്പറേഷണൽ ഹെൽത്ത് മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
100-ൽ 69.5 സ്കോർ നേടിയ കാനഡയ്ക്ക്, തങ്ങളുടെ സാംസ്കാരിക വൈവിധ്യവും പൈതൃകവും മുൻനിർത്തി Culture and Tourism എന്ന വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത്. എന്നാൽ സിവിക് ഹെൽത്ത്, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ രാജ്യം സ്കോറിംഗിൽ പിന്നിലായി. പട്ടികയിൽ കാനഡയേക്കാൾ ഒരു സ്ഥാനം മുന്നിലായി അയൽരാജ്യമായ അമേരിക്ക 18-ാം റാങ്ക് നേടി. ആകെ 78.8 സ്കോർ കരസ്ഥമാക്കിക്കൊണ്ട് യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡ് ആണ് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി ഒന്നാം സ്ഥാനം നിലനിർത്തിയത്. കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ശക്തമായ സമ്പദ്‌വ്യവസ്ഥ എന്നിവയാണ് സ്വിറ്റ്സർലൻഡിനെ മുൻനിരയിൽ എത്തിച്ചത്. സ്വിറ്റ്സർലൻഡിന് തൊട്ടുപിന്നാലെ ഡെന്മാർക്ക് രണ്ടാം സ്ഥാനവും സ്വീഡൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പൗരന്മാർക്കും ബിസിനസ്സ് രംഗത്തെ പ്രമുഖർക്കും ഉൾപ്പെടെ ഒരോ രാജ്യവും തങ്ങളുടെ ജനങ്ങളെ എങ്ങനെ സേവിക്കുന്നു എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ വാർഷിക റിപ്പോർട്ട്.