ബാഴ്സലോണയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ മൂന്ന് ടൊറൻ്റോ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമവും മർദ്ദനവും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി സ്പാനിഷ് അധികൃതർ കേസെടുത്തു. ഔദ്യോഗിക പദവിയിലല്ലാതെ വ്യക്തിപരമായ യാത്രയിലായിരുന്നു ഉദ്യോഗസ്ഥർ. ഇവർക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ടൊറൻ്റോ പോലീസ് സർവീസ് സ്ഥിരീകരിച്ചു.
ബാഴ്സലോണയിലെ സിയുട്ടാറ്റ് വെല്ല ഡിസ്ട്രിക്റ്റിൽ ഒരു ടാക്സി യാത്രയ്ക്കിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടാക്സിയിലുണ്ടായിരുന്ന ഒരു സ്ത്രീയോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും, ഇത് ചോദ്യം ചെയ്ത സ്ത്രീയെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളായ ഉദ്യോഗസ്ഥരെ കോടതിയിൽ ഹാജരാക്കിയതായും നിലവിൽ സ്പെയിനിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തെത്തുടർന്ന് കാനഡയിൽ തിരിച്ചെത്തിയ ഒരു ഉദ്യോഗസ്ഥനെ കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് പോലീസിംഗ് ആക്ട് പ്രകാരം ചീഫ് ഓഫ് പോലീസ് അടിയന്തിരമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. നിലവിൽ സ്പെയിനിലുള്ള ബാക്കി രണ്ട് ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളിൽ കാനഡയിൽ തിരിച്ചെത്തുന്ന മുറയ്ക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന് ടൊറൻ്റോ പോലീസ് വക്താവ് വ്യക്തമാക്കി.
ഡ്യൂട്ടിയിലില്ലാത്ത സമയത്ത് നടന്ന വ്യക്തിപരമായ കുറ്റകൃത്യമായതിനാൽ ടൊറന്റോ പോലീസ് അസോസിയേഷൻ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല. കാനഡയിലെ നിയമപാലകരുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയ ഈ സംഭവത്തിൽ സ്പാനിഷ് പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.