കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ ബാബെക്യൂ വിരുന്നിനായി ഒരുക്കിവെച്ചിരുന്ന ഹോട്ട് ഡോഗ് സോസേജുകൾ കവർന്ന അപൂർവ്വ കള്ളനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പിടികൂടി. ക്രൗസ്നെസ്റ്റ് പാസ് മേഖലയിലാണ് നാടിനെ ചിരിപ്പിച്ച കൗതുകകരമായ സംഭവം അരങ്ങേറിയത്. ഭക്ഷണസാധനങ്ങൾ വൻതോതിൽ മോഷണം പോയെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
ചുവന്ന മുടിയുള്ള, ഉയരം കുറഞ്ഞ, കട്ടിയുള്ള കോട്ടിട്ട ഒരാളാണ്" മോഷ്ടാവെന്നായിരുന്നു വീട്ടുകാർ പോലീസിന് നൽകിയ പ്രാഥമിക വിവരണം. എന്നാൽ സംഭവസ്ഥലത്തിന് സമീപം നടത്തിയ തിരച്ചിലിൽ, വായ നിറയെ മോഷ്ടിച്ച സോസേജുകളുമായി നിൽക്കുന്ന കുറുക്കനെയാണ് (Red Fox) ഉദ്യോഗസ്ഥർ കയ്യോടെ പൊക്കിയത്. വിൻ്ററിൽ വന്യമൃഗങ്ങൾക്ക് സ്വാഭാവികമായി വനങ്ങളിൽ ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് കുറുക്കൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതെന്നാണ് വന്യജീവി വിദഗ്ധർ വിലയിരുത്തുന്നത്. അതേ സമയം RCMP യുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
കേസെടുക്കാതെ യാതൊരുവിധ നിബന്ധനകളും കൂടാതെ വയറുനിറയെ ഭക്ഷണവുമായി പ്രതിയെ സ്വതന്ത്രനായി പോകാൻ അനുവദിച്ചു എന്നാണ് പോലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ തമാശരൂപേണ പോസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറുക്കൻ്റെ ചിത്രവും പോലീസിൻ്റെ കുറിപ്പും ഇതിനോടകം തന്നെ കാനഡയിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.