കാനഡയിൽ നിർമ്മിക്കുന്ന പുതിയ വാഹനങ്ങളിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക സംഘടനകൾ കനേഡിയൻ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നു. 'മദേഴ്സ് എഗെയ്ൻസ്റ്റ് ഡ്രങ്ക് ഡ്രൈവിംഗ്' (MADD) എന്ന സന്നദ്ധ സംഘടനയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
മുൻകാലങ്ങളിൽ സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയപ്പോൾ ഉണ്ടായതുപോലെയുള്ള എതിർപ്പുകൾ സ്വാഭാവികമാണെന്നും, എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണെന്നും സംഘടനയുടെ നാഷണൽ പ്രസിഡൻ്റ് തന്യ ഹാൻസൻ പ്രാറ്റ് വ്യക്തമാക്കി. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവോ മദ്യപാനമോ പൂർണ്ണമായും നിരീക്ഷിക്കാൻ കെൽപ്പുള്ള ഈ സാങ്കേതികവിദ്യ യാത്രാസുരക്ഷയിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയിൽ പാസാക്കിയ 'ഹാൾട്ട് ആക്ട്' മുൻനിർത്തിയാണ് കാനഡയിലും സമാനമായ നിയമം നടപ്പിലാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. ഡ്രൈവറുടെ ശ്വാസത്തിലൂടെയോ അല്ലെങ്കിൽ സ്റ്റിയറിംഗിലെ സ്പർശനത്തിലൂടെയോ ശരീരത്തിലെ മദ്യത്തിൻ്റെ അളവ് കണ്ടെത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. കൂടാതെ ഡ്രൈവർമാരുടെ കൺപോളകളുടെ ചലനങ്ങളും ശ്രദ്ധയും നിരീക്ഷിക്കുന്ന ക്യാമറകൾ, ബ്രേക്കിംഗ് അസിസ്റ്റ് എന്നിവ വഴി അപകടങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. വാഹന നിർമ്മാതാക്കളും രാഷ്ട്രീയ നേതൃത്വവും ഒരേ മനസ്സോടെ ഈ വിഷയത്തിൽ കൃത്യമായ തീരുമാനമെടുക്കണമെന്നും കനേഡിയൻ ജനതയുടെ സുരക്ഷയ്ക്കായി ഒട്ടാവ ഭരണകൂടം ഉടൻ തന്നെ ഇതിന് അനുമതി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.