റെക്കോർഡ് തിരക്കിനൊരുങ്ങി ബാൻഫ്: വൻ ഗതാഗതക്കുരുക്കിന് സാധ്യതയെന്ന് മുന്നറിയിപ്പ്

By: 600110 On: May 19, 2026, 7:22 AM

 



കാനഡയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാൻഫ് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വേനൽക്കാലത്തിനായി ഒരുങ്ങി. ദശലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുമെന്നു കരുതുന്നതിനാൽ നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തിരക്ക് ഒഴിവാക്കാനായി യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും അധികൃതർ സഞ്ചാരികളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം മാത്രം എഴുപതു ലക്ഷത്തിനടുത്താണ് ബാൻഫിലെത്തിയ വാഹനങ്ങളുടെ എണ്ണം. വേനൽക്കാലത്തെ തിരക്കേറിയ ദിവസങ്ങളിൽ മുപ്പതിനായിരത്തോളം വണ്ടികളാണ് ഈ കൊച്ചു നഗരത്തിലേക്ക് പ്രതിദിനം വരുന്നത്. 'കാനഡ സ്ട്രോങ്ങ് പാസ്' വഴി നാഷണൽ പാർക്കുകളിൽ സൗജന്യ പ്രവേശനം നൽകിയതും, അടുത്തുള്ള നഗരമായ കാൽഗറിയിലെ ജനസംഖ്യാ വർദ്ധനവുമാണ് ഇതിന് പ്രധാന കാരണം. കനേഡിയൻമാർ സ്വന്തം നാട്ടിൽ തന്നെ അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നതും തിരക്ക് കൂടാൻ കാരണമാകുന്നുണ്ടെന്ന് മേയർ കോറി ഡിമാന്നോ പറയുന്നു. വെറും നാല് ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ബാൻഫ് നഗരത്തിന് ഇത്രയധികം വാഹനങ്ങളെ ഉൾക്കൊള്ളുക വലിയൊരു വെല്ലുവിളി തന്നെയാണ്.

ഇവിടുത്തെ മനോഹരമായ കാഴ്ചകൾ കാണാനെത്തുന്നവർക്ക് ഇപ്പോൾ തന്നെ ഈ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വണ്ടികൾ പാർക്ക് ചെയ്യുക എന്നത് വലിയൊരു തലവേദനയാണെന്നാണ് ടൂറിസ്റ്റുകളുടെ പരാതി. ഇതേ തുടർന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടൗൺ അധികൃതർ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. വൈകുന്നേരം 5 മണിക്ക് ശേഷം നഗരത്തിലേക്ക് വരിക എന്നുള്ളതാണ് ഇതിലൊന്ന്. കാരണം, ഈ സമയത്ത് തിരക്ക് കുറവായിരിക്കും. യാത്രകൾക്കായി സ്വന്തം വണ്ടികൾക്ക് പകരം അവിടുത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും അധികൃതർ ആവശ്യപ്പെടുന്നുണ്ട്.

ടൂറിസ്റ്റുകളുടെ ഈ വരവ് നാട്ടിലെ കച്ചവടക്കാർക്ക് വലിയ വരുമാനം നൽകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, നാഷണൽ പാർക്ക് മേഖലയിൽ ഇത്രയധികം വാഹനങ്ങൾ പുക തുപ്പുന്നത് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. അതുകൊണ്ട് ബാൻഫിന് അടുത്ത് താമസിക്കുന്ന ആൽബെർട്ട സ്വദേശികൾ വേനൽക്കാലത്തെ ഈ തിരക്ക് ഒഴിവാക്കി, മറ്റ് മാസങ്ങളിൽ ഇവിടം സന്ദർശിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.