കാനഡയിലെ എഡ്മൻ്റണിനടുത്തുള്ള ഗ്യാസ് സ്റ്റേഷനിൽ നിന്ന് 5,000 ലിറ്ററോളം ഡീസലും പ്രീമിയം ഇന്ധനവും കവർന്നു. സ്ട്രാത്കോണ കൗണ്ടിയിലെ 'ടെമ്പോ ഗ്യാസ്' സ്റ്റേഷനിലാണ് ഇന്ധനക്കവർച്ച നടന്നത്. ഇതിന് പിന്നാലെ പ്രദേശത്ത് വൻതോതിൽ ഇന്ധനം ചോർന്നൊഴുകിയത് വലിയ പരിസ്ഥിതി മലിനീകരണത്തിനും കാരണമായിട്ടുണ്ട്. സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചു.
മേയ് ഒന്നിന് പുലർച്ചെ 12 മണിക്കും 4:30 നും ഇടയിലാണ് മോഷണം നടന്നത്. രാവിലെ 10:45- ടെയാണ് ഇന്ധനം നഷ്ടപ്പെട്ട വിവരം ജീവനക്കാർ പോലീസിൽ അറിയിക്കുന്നത്. ആദ്യം ഇന്ധന സെൻസറുകളുടെ തകരാറാണെന്നാണ് ജീവനക്കാർ കരുതിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ഇന്ധന ടാങ്കുകളുടെ വെൻ്റുകളും ഹോസുകളും തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഗ്യാസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്തേക്ക് വൻതോതിൽ ഇന്ധനം ചോർന്നൊഴുകിയതായും പോലീസ് കണ്ടെത്തി. ഇത് മൂലം സമീപത്തെ ജലാശയങ്ങൾ മലിനീകരണ ഭീഷണിയിലാണ്. പ്രദേശം ശുദ്ധീകരിക്കുന്നതിന് വലിയ തുക ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവിടുത്തെ മണ്ണ് പൂർണ്ണമായും പഴയപടിയാക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
വിലക്കയറ്റവും ഇന്ധനക്ഷാമവും കാനഡയെ ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ് ഈ വൻ കവർച്ച നടന്നിരിക്കുന്നത്. അടുത്ത കാലത്തായി ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഇന്ധനക്കൊള്ളകളിൽ ഒന്നാണിത്.കേസിൽ ഇതുവരെ പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് ആർ.സി.എം.പി അഭ്യർത്ഥിച്ചു. കൂടാതെ, മേഖലയിലെ മറ്റ് ഗ്യാസ് സ്റ്റേഷനുകൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.