ഫിഫ ലോകകപ്പ് ആവേശം ഇരട്ടിയാക്കാനുള്ള നടപടികളുമായി പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ സിനിപ്ലക്സ് രംഗത്ത്. കാനഡയിലെ ഔദ്യോഗിക ഫിഫ സംപ്രേഷകരായ ടി.എസ്.എന്നുമായി ചേർന്ന്, തിരഞ്ഞെടുത്ത ലോകകപ്പ് മത്സരങ്ങൾ തിയേറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് സിനിപ്ലക്സ് പ്രഖ്യാപിച്ചു. സ്റ്റേഡിയം പോലുള്ള അന്തരീക്ഷത്തിൽ കളി കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
ടൊറൻ്റോ, ഓട്ടവ, മോൺട്രിയൽ, ഹാലിഫാക്സ്, വിന്നിപെഗ്, കാൽഗറി, എഡ്മൻ്റൺ, വാൻകൂവർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ സിനിപ്ലക്സ് തിയേറ്ററുകളിൽ ഈ സൌകര്യം ലഭ്യമാകും. പ്രാഥമിക ഘട്ടത്തിലെ (ഗ്രൂപ്പ് സ്റ്റേജ്) ചില മത്സരങ്ങളുടെ ടിക്കറ്റ് വിൽപന കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാരുടെ എണ്ണം കണക്കിലെടുത്ത് ഘട്ടങ്ങളായായിരിക്കും ടിക്കറ്റുകൾ ലഭ്യമാക്കുക. തിയേറ്ററുകളിലെ പരമ്പരാഗത ലഘുഭക്ഷണങ്ങൾക്ക് പുറമെ, പ്രാദേശിക നിയമങ്ങൾ അനുവദിക്കുന്നയിടങ്ങളിൽ മദ്യപാനീയങ്ങളും ലഭ്യമായിരിക്കും. കുടുംബസമേതം കാണാൻ സാധിക്കുന്ന രീതിയിലാണ് പ്രദർശനം ക്രമീകരിക്കുന്നത്.
അമേരിക്ക, മെക്സിക്കോ എന്നിവർക്കൊപ്പം കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട് വലിയ ആവേശമാണ് രാജ്യത്തുടനീളമുള്ളത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. മത്സരങ്ങൾക്ക് പുറമെ, ഇത്തവണത്തെ ലോകകപ്പ് ഫൈനലിന് മാറ്റുകൂട്ടാൻ മറ്റൊരു പ്രത്യേകതയുമുണ്ട്. ചരിത്രത്തിലാദ്യമായി സൂപ്പർ ബോൾ മോഡലിൽ ഒരുക്കുന്ന വമ്പൻ ഹാഫ് ടൈം സംഗീത വിരുന്നിൽ പോപ്പ് റാണി മഡോണ, ഷക്കീര, കൊറിയൻ ബാൻഡ് ബി.ടി.എസ് എന്നിവർ ഒരുമിച്ച് വേദിയിലെത്തും.