യു.എസ് - കാനഡ പ്രതിരോധ സഹകരണത്തിൽ വിള്ളൽ: സുപ്രധാന ബോർഡ് യോഗങ്ങൾ താൽക്കാലികമായി നിർത്തി വച്ച് അമേരിക്ക

By: 600110 On: May 19, 2026, 7:12 AM

യു.എസ് - കാനഡ പ്രതിരോധ സഹകരണത്തിൽ വിള്ളൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന പ്രതിരോധ സമിതിയായ 'പെർമനൻ്റ് ജോയിൻ്റ് ബോർഡ് ഓൺ ഡിഫൻസിൻ്റെ' യോഗങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അമേരിക്ക അറിയിച്ചതോടെയാണ് ഇത്. കാനഡ തങ്ങളുടെ പ്രതിരോധ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ ഈ തീരുമാനം.  ആഗോളതലത്തിൽ യുദ്ധസാഹചര്യങ്ങളും പിരിമുറുക്കങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കം എന്നതും ശ്രദ്ധേയമാണ്.

വടക്കേ അമേരിക്കയുടെ സുരക്ഷയിൽ ഈ സമിതിക്കുള്ള പ്രാധാന്യം പുനഃപരിശോധിക്കുന്നതിനാണ് യോഗങ്ങൾ നിർത്തിവെക്കുന്നതെന്ന് യു.എസ് പ്രതിരോധ അണ്ടർസെക്രട്ടറി എൽബ്രിഡ്ജ് കോൾബി അറിയിച്ചു. കാനഡയുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ വലിയ അന്തരമുണ്ടെന്നും അത് ഇനി അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഈ വർഷമാദ്യം വേൾഡ് ഇക്കണോമിക് ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രസംഗത്തെ തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് വിലയിരുത്തൽ. ലോകക്രമത്തിലുണ്ടായ തകർച്ചയെക്കുറിച്ച് സംസാരിച്ച പ്രസംഗത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് പരാമർശിക്കാൻ കാർണി തയ്യാറായിരുന്നില്ല. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

1940-ൽ രൂപീകരിച്ച ഈ ബോർഡ് കഴിഞ്ഞ 80 വർഷത്തിലേറെയായി ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൈനിക കൂട്ടായ്മയുടെ പ്രതീകമായിരുന്നു. നിലവിലെ ഈ താൽക്കാലിക വിലക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം വിദഗ്ദ്ധരുടെ വിലയിരുത്തൽ. എന്നാൽ, ഈ സമ്മർദ്ദം പ്രതിരോധ കാര്യങ്ങളിൽ കൂടുതൽ ശക്തമായ നിലപാടുകളെടുക്കാൻ കാനഡയെ പ്രേരിപ്പിച്ചേക്കുമെന്നാണ് മറ്റു ചിലർ കരുതുന്നത്. കാനഡ സർക്കാർ ഈ വിഷയത്തിൽ ഇതുവരെ വിശദമായ പ്രതികരണമൊന്നും നൽകിയിട്ടില്ല.