കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കി പുതിയ ഭാഷാ പരീക്ഷാ നിയമം, നൂറ് കണക്കിന് അപേക്ഷകൾ നിരസിക്കപ്പെട്ടതായി റിപ്പോർട്ട്

By: 600110 On: May 18, 2026, 2:08 PM

 

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കി പുതിയ ഭാഷാ പരീക്ഷാ നിയമം. 2024 നവംബർ മുതൽ, 'പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റിന്' (PGWP) അപേക്ഷിക്കുന്ന ഭൂരിഭാഗം പേരും ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരീക്ഷാ ഫലം സമർപ്പിക്കണമെന്ന് നിർബന്ധമാക്കിയിരുന്നു. എന്നാൽ സർക്കാർ വെബ്‌സൈറ്റിലെ നിർദ്ദേശങ്ങൾ വ്യക്തമല്ലാതിരുന്നതിനാൽ പല വിദ്യാർത്ഥികളും ഈ പുതിയ നിയമത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് നൂറുകണക്കിന് അപേക്ഷകളാണ് നിരസിക്കപ്പെട്ടത്.

2024 നവംബറിനും 2025 ഡിസംബറിനും ഇടയിൽ ഭാഷാ പരീക്ഷാ ഫലം ഇല്ലാത്തതിൻ്റെ പേരിൽ മാത്രം 945 അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇതിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കപ്പെട്ടത് 2025-ൻ്റെ അവസാനത്തോടെയാണ്. സർക്കാർ നിർദ്ദേശങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതും അനീതിയുമാണെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. നിയമങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നാണ് ഇവരുടെ വാദം.

അപേക്ഷകൾ നിരസിക്കപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട സമയവും അവസരങ്ങളുമാണ് നഷ്ടപ്പെടുന്നത്. ചിലർക്ക് കാനഡ വിട്ടുപോകേണ്ടി വരെ വന്നേക്കാം. പഠനത്തിന് ശേഷം കാനഡയിൽ ജോലി പരിചയം നേടാൻ സഹായിക്കുന്നതിനാൽ 'പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ്' വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലാതെ അവർക്ക് പഠനശേഷം അവിടെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കില്ല.

നിലവിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.  നിലവിൽ പല വിദ്യാർത്ഥികളും വലിയ നിരാശയിലും ആശങ്കയിലുമാണ്. കാനഡയിലെ തങ്ങളുടെ ഭാവിയെക്കുറിച്ച് അവർക്ക് വലിയ ആശങ്കയുണ്ട്. ഇമിഗ്രേഷൻ നിയമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സിസ്റ്റത്തിൽ കൂടുതൽ സുതാര്യത വേണമെന്ന് വിമർശകർ ആവശ്യപ്പെട്ടു. മുൻപ് നിരസിച്ച അപേക്ഷകൾ സർക്കാർ വീണ്ടും പരിഗണിക്കണമെന്നാണ് വിദ്യാർത്ഥികളെ അനുകൂലിക്കുന്നവരുടെ ആവശ്യം.