എഡ്മൻ്റണിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുന്നതിനിടെ മറ്റൊരു രോഗി കൂടി മരിച്ചതായി ആൽബെർട്ട മെഡിക്കൽ അസോസിയേഷൻ

By: 600110 On: May 18, 2026, 1:56 PM

എഡ്മൻ്റണിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുന്നതിനിടെ മറ്റൊരു രോഗി കൂടി മരിച്ചതായി ആൽബർട്ട മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. റോയൽ അലക്സാണ്ട്ര ആശുപത്രിയിലായിരുന്നു ഈ ദാരുണമായ സംഭവം. ചികിത്സ തേടി മെയ് 8-നാണ് ഒരാൾ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിയത്. എന്നാൽ മണിക്കൂറുകളോളം കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിഞ്ഞ ഇദ്ദേഹം ചികിത്സ കിട്ടാതെ മരണപ്പെടുകയായിരുന്നു.

ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ബ്രയാൻ വിർസ്ബയാണ് ഈ സങ്കടകരമായ വാർത്ത പുറത്തുവിട്ടത്. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് സ്ഥിരീകരിച്ചു. എന്നാൽ രോഗിയുടെ സ്വകാര്യത മാനിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

കുറച്ചു മാസങ്ങൾക്ക് മുൻപ് എഡ്മൻ്റണിലെ മറ്റൊരു ആശുപത്രിയിലും സമാനമായ സംഭവം നടന്നിരുന്നു. ഡിസംബറിൽ ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ എട്ട് മണിക്കൂറോളം കാത്തുനിന്ന പ്രശാന്ത് ശ്രീകുമാർ എന്ന 44 കാരൻ മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണത്തിന് ആൽബർട്ട സർക്കാർ ഉത്തരവിട്ടിരുന്നു. കൂടാതെ അടിയന്തര വിഭാഗങ്ങളിൽ രോഗികളെ വേഗത്തിൽ പരിശോധിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന പുതിയ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ പദ്ധതി ഇതുവരെ ആശുപത്രികളിൽ നടപ്പിലാക്കിയിട്ടില്ലെന്ന് ഡോ. വിർസ്ബ ചൂണ്ടിക്കാണിച്ചു. ആൽബർട്ടയിലെ ആരോഗ്യമേഖല എത്രത്തോളം പ്രതിസന്ധിയിലാണെന്നാണ് ഈ പുതിയ മരണം വ്യക്തമാക്കുന്നത്. പ്രവിശ്യയിലെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗികൾക്ക് സമയത്തിന് ചികിത്സ നൽകാൻ ജീവനക്കാർ കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും ദീർഘനേരത്തെ കാത്തിരിപ്പ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആശുപത്രികളിലെ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ വേണമെന്ന് അൽബെർട്ട മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.