കനേഡിയൻ പൗരത്വത്തിനായി അമേരിക്കക്കാരുടെ വൻ തിരക്ക്; അപേക്ഷകൾ കുന്നുകൂടുന്നു

By: 600110 On: May 18, 2026, 1:43 PM

 

കാനഡ തങ്ങളുടെ പൗരത്വ നിയമങ്ങളിൽ വരുത്തിയ ചരിത്രപരമായ ഭേദഗതിയെത്തുടർന്ന് പൗരത്വത്തിനായി അപേക്ഷിക്കുന്ന യു.എസ് പൗരന്മാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നിയമമാറ്റത്തെത്തുടർന്ന് ലക്ഷക്കണക്കിന് അമേരിക്കക്കാർ കനേഡിയൻ പൗരത്വത്തിന് അർഹരായ സാഹചര്യത്തിലാണ് അപേക്ഷകളുടെ പ്രവാഹമുണ്ടായത്. ഇത് കാനഡയുടെ ഇമിഗ്രേഷൻ വകുപ്പിൽ വലിയ തോതിലുള്ള അപേക്ഷകൾ കുന്നുകൂടുന്നതിനും പൗരത്വ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി 12 മാസം വരെയായി വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം ആദ്യ മാസങ്ങളിൽ മാത്രം യു.എസ് പൗരന്മാരിൽ നിന്നുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണ് മുൻഗണനാ പട്ടികയിലേക്ക് അധികമായി എത്തിച്ചേർന്നിട്ടുള്ളത്. 

കാനഡ അടുത്തിടെ പാസ്സാക്കിയ 'ബിൽ സി-3' (Bill C-3) നിയമപ്രകാരം, പാരമ്പര്യമായി പൗരത്വം കൈമാറുന്നതിനുള്ള  First-Generation Limit എടുത്തുമാറ്റിയിരുന്നു. ഇതോടെ മാതാപിതാക്കൾക്ക് പുറമെ കനേഡിയൻ പാരമ്പര്യമുള്ള മുത്തശ്ശൻമാർ വഴിയും എത്ര തലമുറ കഴിഞ്ഞവർക്കും പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരം തുറന്നു കിട്ടി. അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ തൊഴിൽ അവസരങ്ങളും Dual Citizenship സ്വന്തമാക്കാനുള്ള ആഗ്രഹവുമാണ് കനേഡിയൻ പാസ്‌പോർട്ടിനായി ഇത്രയധികം ആളുകൾ ഒരേസമയം അപേക്ഷിക്കാൻ കാരണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയിൽ നിന്നുള്ള ഈ അപ്രതീക്ഷിത തിരക്ക് നിയന്ത്രിക്കാൻ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് കടുത്ത സമ്മർദ്ദത്തിലാണ്.