കാനഡയിൽ ഇറാൻ്റെ പിന്തുണയോടെയുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത മുതിർന്ന കമാൻഡർ മുഹമ്മദ് ബാഗർ സാദ് ദാവൂദ് അൽ സാദിയുടെ അറസ്റ്റോടെ, രാജ്യത്ത് കനത്ത സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. ടൊറൻ്റോയിലെ യു.എസ് കോൺസുലേറ്റിന് നേരെയും ജൂത സിനഗോഗുകൾക്ക് നേരെയും മാർച്ചിൽ നടന്ന വെടിവയ്പ്പുകൾക്ക് പിന്നിൽ ഇറാൻ്റെ നിഴൽ സംഘടനകളാണെന്ന വിവരങ്ങൾ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ ആവശ്യം ഉയർന്നത്.
കാനഡയിലെ പ്രമുഖ ജൂത സംഘടനയായ 'സെൻ്റർ ഫോർ ഇസ്രായേൽ ആൻഡ് ജ്യൂവിഷ് അഫയേഴ്സ്', കാനഡയിലെ തങ്ങളുടെ സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്ന 'കതൈബ് ഹിസ്ബുള്ള' എന്ന സംഘടനയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയൻ ഗവൺമെൻ്റിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആഭ്യന്തര സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അടിയന്തര നടപടി ആവശ്യമാണെന്ന് സംഘടന പറയുന്നു . കാനഡയിലെ ജൂതരെയും തന്ത്രപ്രധാനമായ വിദേശ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വിദേശ ശക്തികൾ നടത്തുന്ന ഭീകരവാദ നീക്കങ്ങൾ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് സി.ഐ.ജെ.എ ചൂണ്ടിക്കാണിക്കുന്നു.
ടൊറൻ്റോയിൽ സമീപകാലത്ത് മതപരമായ വിദ്വേഷം മൂലമുള്ള കുറ്റകൃത്യങ്ങളിൽ 82 ശതമാനവും ഉണ്ടായത് ജൂത സമൂഹത്തിന് നേരെയാണെന്ന പൊലീസ് റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ, ഗവൺമെൻ്റിൻ്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കുന്നു. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇത്തരം അക്രമിസംഘങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ മരവിപ്പിക്കാനും രാജ്യ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നിലവിലെ ആവശ്യം.