കാനഡയിൽ ആദ്യമായി ഹൻ്റാ വൈറസ് ബാധ സ്ഥിരീകരിച്ചു. അൻ്റാർർട്ടിക് ക്രൂയിസ് കപ്പലിൽ യാത്ര ചെയ്ത ശേഷം ബ്രിട്ടീഷ് കൊളംബിയയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകോൺ സ്വദേശിക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇദ്ദേഹത്തിന് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗിക്ക് പനിയും തലവേദനയും പോലുള്ള നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായിട്ടുള്ളത്. തുടർന്ന് രോഗിയെയും പങ്കാളിയെയും വിക്ടോറിയയിലെ ആശുപത്രിയിലേക്ക് മാറ്റി.
കാനഡയിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ഇദ്ദേഹത്തിൻ്റെ പങ്കാളിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കപ്പൽ യാത്രയ്ക്കിടെ വൈറസ്ബാധയ്ക്ക് സാധ്യതയുള്ളതിനാൽ നാല് കാനഡക്കാർ ബ്രിട്ടീഷ് കൊളംബിയയിൽ നിരീക്ഷണത്തിലായിരുന്നു. ഇതിൽ ഒരാളെ മുൻകരുതലിൻ്റെ ഭാഗമായി ആശുപത്രിയിലേക്ക് മാറ്റുകയും മറ്റൊരാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയുമാണ്.
നിലവിൽ ഉയർന്ന രോഗസാധ്യതയുള്ള ഒമ്പത് കാനഡക്കാർ ഒൻ്റാരിയോ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ നിരീക്ഷണത്തിലാണ്. ഇവരെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. രോഗബാധിതനായ വ്യക്തിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത മറ്റ് ഇരുപത്തിയേഴ് പേരെയും നിലവിൽ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ രോഗബാധിതനായ ആളുടെ സീറ്റിൽ നിന്നും അകലെ ഇരുന്നവരെ അടുത്ത സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഹൻ്റാ വൈറസ് രക്തത്തിലൂടെയല്ല പകരുന്നതെന്നും മറിച്ച് രോഗബാധിതരായ എലികളുടെ ഉമിനീര്, മൂത്രം എന്നിവയിലൂടെയാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ച ജീവനക്കാർക്കും യാത്രക്കാർക്കും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ആരോഗ്യപരമായ ഭീഷണികൾ ഒന്നുമില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.