പ്രസാദ് തീയാടിക്കല്‍
ദുബായ്: ദുബായില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍ മലയാളി നഴ്‌സ് അഖില നായര്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു.
യാത്രയ്ക്കിടെ 32-കാരനായ യാത്രക്കാരന്‍ ബോധരഹിതനായി വീഴുകയും ശ്വാസമുണ്ടായിരുന്നെങ്കിലും മറ്റ് പ്രതികരണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്തു. പിന്നാലെ ശരീരം വിറയ്ക്കുകയും കൈകാലുകള്‍ ഇട്ടടിക്കാനും തുടങ്ങിയതോടെ വിമാനത്തിനുള്ളില്‍ ആശങ്ക പരന്നു.
കാബിന്‍ ക്രൂവിന്റെ അടിയന്തര അറിയിപ്പ് കേട്ട അഖില ഉടന്‍ സഹായത്തിനായി എത്തി. പരിമിതമായ മെഡിക്കല്‍ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്നിട്ടും, വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറുടെ സഹായത്തോടെ പ്രഥമ ശുശ്രൂഷ നല്‍കി. ഐവി ലൈന്‍ ഒരുക്കി മരുന്നും ഗ്ലൂക്കോസും നല്‍കിയതോടെ യാത്രക്കാരന്റെ നില മെച്ചപ്പെട്ടു.
രണ്ടു മണിക്കൂറിലേറെ നിരീക്ഷണത്തിന് ശേഷം യാത്രക്കാരന്‍ ബോധം വീണ്ടെടുത്തു. വിമാനം ഇന്ത്യയില്‍ ഇറങ്ങിയ ഉടന്‍ മെഡിക്കല്‍ സംഘത്തിന് അദ്ദേഹത്തെ കൈമാറി.