11 വര്‍ഷത്തിനു ശേഷം 'ദി ലാസ്റ്റ് ഹുറാ'യുമായി രേവതി; നായിക കജോള്‍

By: 600007 On: Oct 7, 2021, 5:20 PM

 
ബോളിവുഡ് താരം കജോളിനെ നായികയാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി രേവതി. ദി ലാസ്റ്റ് ഹുറാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കജോള്‍ തന്നെയാണ് രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തത്. 

'രേവതി സംവിധാനം ചെയ്യുന്ന എന്റെ പുതിയ സിനിമയെക്കുറിച്ച് ഞാന്‍ വളരെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ദി ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന്റെ പേര്. വേഗത്തില്‍ തന്നെകൊണ്ട് യെസ് പറയിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥ' കജോള്‍ കുറിച്ചു. 

പ്രതിസന്ധികളെ ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മയെക്കുറിച്ചാണ് ചിത്രം. യഥാര്‍ത്ഥ സംഭവത്തെയും കഥാപാത്രത്തേയും അടിസ്ഥാനമാക്കിയാണ് കഥ. പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ച ചിത്രം വൈകാതെ ഷൂട്ടിങ് ആരംഭിക്കും. സൂരജ് സിങ്ങും ശ്രദ്ധ അഗര്‍വാളുമാണ് ചിത്രം നിര്‍മിക്കുന്നത്.

നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രേവതി വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്. 2002 ല്‍ സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് ആണ് രേവതി സംവിധാനത്തിലേക്ക് കടന്നത്.  ഫിര്‍ മിലേങ്കെ, മലയാളം ആന്തോളജി ചിത്രം കേരള കഫേ, 2010 ല്‍ പുറത്തിറങ്ങിയ മുംബൈ കട്ടിങ്ങ് എന്നിവയാണ് രേവതിയുടെ മറ്റു ചിത്രങ്ങള്‍.

Content highlight: The Last Hurrah