കാനഡയിലെ എഡ്മണ്ടനിലുള്ള കംബർലാൻഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തിന് കാരണം ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ തകരാറാണെന്ന് എഡ്മണ്ടൻ ഫയർ റെസ്ക്യൂ സർവീസസ് അറിയിച്ചു. മെയ് 13-ന് വൈകുന്നേരം 7:30-ഓടെ കോട്ട് ക്രെസൻ്റിന് സമീപമായിരുന്നു അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുമ്പോൾ വീടിനോട് ചേർന്നുള്ള ഗാരേജിൽ നിന്നും കനത്ത പുക ഉയരുന്നുണ്ടായിരുന്നു. തുടർന്ന് നടന്ന കഠിന ശ്രമങ്ങൾക്കൊടുവിൽ രാത്രി 8:04-ഓടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. 9:28-ഓടെ തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ഏതെങ്കിലും ഉപകരണത്തിന്റെ റിമോട്ട് കൺട്രോൾ ബാറ്ററിയോ അതിൻ്റെ ചാർജറോ തകരാറിലായതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം. അതേസമയം, നിലവിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുള്ള ഇലക്ട്രിക് വാഹനങ്ങളുടെ തകരാറല്ല ഈ അപകടത്തിന് പിന്നിലെന്ന് എഡ്മണ്ടൻ ഫയർ റെസ്ക്യൂ സർവീസസ് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും, കംബർലാൻഡ് മേഖലയിൽ വലിയ രീതിയിലുള്ള ആശങ്ക പരത്താൻ ഈ സംഭവം കാരണമായി.