എഡ്മൻ്റണിലെ ഈസ്റ്റ് , സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലെ റോഡുകളിൽ ഗാർട്ടർ ഇനത്തിൽപ്പെട്ട പാമ്പുകൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആൽബർട്ട പാർക്ക്സ് അധികൃതർ ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ചൂട് കൂടുമ്പോൾ പുതിയ താവളങ്ങൾ തേടിയും ഇണചേരലിനായും വ്യാപകമായി പാമ്പുകൾ റോഡ് മുറിച്ചുകടക്കുന്നതാണ് യാത്രാതടസ്സത്തിന് കാരണമാകുന്നത്.
എഡ്മൻ്റണിന് കിഴക്കും തെക്കുകിഴക്കുമായി സ്ഥിതി ചെയ്യുന്ന 'കുക്കിംഗ് ലേക്ക്-ബ്ലാക്ക്ഫൂട്ട് പ്രൊവിൻഷ്യൽ റിക്രിയേഷൻ ഏരിയ', 'മികെലോൺ ലേക്ക് പ്രൊവിൻഷ്യൽ പാർക്ക്' എന്നീ സംരക്ഷിത മേഖലകളിലാണ് പാമ്പുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാമ്പുകളുടെ സുരക്ഷയ്ക്കൊപ്പം സുഗമമായ ജനസഞ്ചാരവും ഉറപ്പാക്കുന്നതിനായി മികെലോൺ ലേക്ക് പാർക്കിലേക്കുള്ള ചില റോഡുകളിൽ ഭാഗികമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ആൽബർട്ടയിൽ വ്യാപകമായി കണ്ടുവരുന്ന ഈ ഗാർട്ടർ പാമ്പുകൾ വിഷരഹിതമാണെന്നും മനുഷ്യർക്ക് കാര്യമായ ആരോഗ്യഭീഷണി ഉയർത്തുന്നില്ലെന്നും റോയൽ ആൽബർട്ട മ്യൂസിയം വ്യക്തമാക്കി. റെഡ്-സൈഡഡ്, പ്ലെയിൻസ്, വാണ്ടറിംഗ് എന്നിങ്ങനെ മൂന്നിനം ഗാർട്ടർ പാമ്പുകളാണ് ഈ പ്രവിശ്യയിലുള്ളത്. വനമേഖലകളിൽ മനുഷ്യൻ്റെ ഇടപെടലുകൾ വർദ്ധിച്ചതോടെ ഇവയുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ ദ്രുതഗതിയിൽ നശിക്കുന്നത് വംശവർദ്ധനവിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി സന്തുലനത്തിൽ ഇവയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത്, ആൽബർട്ട വൈൽഡ്‌ലൈഫ് ആക്റ്റ് പ്രകാരം ഇവയുടെ താവളങ്ങൾ നശിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.