കാൽഗറിയിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിയുംതട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ

By: 600110 On: May 16, 2026, 10:52 AM

കാൽഗറിയിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിയുംതട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. 2025 ഏപ്രിൽ മുതൽ ഇതുവരെ 45 പണപ്പിരിവ് ഭീഷണി കേസുകളാണ് കാൽഗറിയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ വീടുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ 19 വെടിവെയ്പ്പുകളും ഉൾപ്പെടുന്നു. ഇതുവരെ 11 പേരെ ഈ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് ആറിന് വൈകുന്നേരം എഡ്മണ്ടനിലെ ഒരു വീട്ടിൽ നിന്നാണ് ഒരു യുവാവിനെ പ്രതികൾ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയത്. ഇയാളെ ക്രൂരമായി മർദ്ദിച്ച ശേഷം കാൽഗറിയിലെ നോർത്ത് ഈസ്റ്റ് സിറ്റിസ്‌കേപ്പിലുള്ള ഇയാളുടെ സുഹൃത്തിൻ്റെ വീടിന് മുന്നിലെത്തിച്ചു. യഥാർത്ഥത്തിൽ സുഹൃത്തിനെയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. സുഹൃത്തിനെ പുറത്തേക്ക് വിളിക്കാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടർന്ന് യുവാവിനെ വീണ്ടും മർദ്ദിച്ചു.

പിറ്റേന്ന് പുലർച്ചെയോടെ യുവാവിനെ എഡ്മണ്ടനിലെ വീടിനടുത്ത് പ്രതികൾ ഉപേക്ഷിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും, മെയ് 12-ന് മറ്റ് രണ്ട് പേരെയും പോലീസ് പിടികൂടി. അറസ്റ്റിലായ ദക്ഷ് ഗൗതം (25), തരംവീർ സിംഗ് (24), പർദീപ് സിംഗ് (24), ആകാശ്ദീപ് സിംഗ് (18) എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കാൽഗറി സ്വദേശിയായ ഗഗൻദീപ് സിംഗ് (29) എന്ന പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ വലതു കൈയിൽ ഒരു സ്ത്രീയുടെ ചിത്രവും, ഇടതു കൈയിൽ നീലയും ചുവപ്പും നിറത്തിലുള്ള കഴുകൻ്റെ ചിത്രവും ടാറ്റൂ ചെയ്തിട്ടുണ്ട്. പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള ഇത്തരം സംഘടിത കുറ്റകൃത്യങ്ങളിൽ നിന്ന് ദക്ഷിണേഷ്യൻ സമൂഹത്തിന് പൂർണ്ണ സംരക്ഷണം നൽകുമെന്നും, ഒളിവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.