ഏഷ്യൻ വിപണികളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള പുതിയ പൈപ്പ്‌ലൈൻ നിർമ്മിക്കുന്നതിനും കാനഡയും ആൽബർട്ട പ്രവിശ്യയും തമ്മിൽ പുതിയ കാർബൺ വിലനിർണ്ണയ സംവിധാനം ഏർപ്പെടുത്തുന്നതിനും ഉള്ളതാണ് പുതിയ കരാർ. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രീമിയർ ഡാനിയേൽ സ്മിത്തും സമഗ്ര ഊർജ്ജ ധാരണാപത്രത്തിൽ ഒപ്പു വച്ചിരുന്നു. അതിൻ്റെ ഭാഗമാണ് പുതിയ കരാർ.
ആൽബർട്ടയിലെ കമ്പനികൾ കാർബൺ മലിനീകരണത്തിന് നൽകേണ്ടി വരുന്ന തുക ഉയർത്താൻ പ്രവിശ്യാ സർക്കാർ സമ്മതിച്ചിട്ടുണ്ട്. പുറന്തള്ളുന്ന ഓരോ ടണ്ണിനും 95 ഡോളറാണ് നിലവിൽ കമ്പനികൾ നല്‍കേണ്ടത്. പുതിയ പദ്ധതി പ്രകാരം, ഇത് ക്രമേണ ഉയർന്ന് 2040-ഓടെ ടണ്ണിന് $140-ൽ എത്തും. എന്നാൽ ഇത് ഉപഭോക്താക്കൾ നേരിട്ട് നൽകേണ്ട നികുതിയല്ലെന്നും ഇന്ധന ബില്ലുകളെയോ ഹീറ്റിംഗ് ബില്ലുകളെയോ ബാധിക്കില്ലെന്നും ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
ഏഷ്യൻ വിപണികളിലേക്ക് പ്രതിദിനം 10 ലക്ഷത്തിലധികം ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പൈപ്പ്‌ലൈൻ പദ്ധതി. ആവശ്യമായ അനുമതികൾ ലഭിക്കുന്നതോടെ 2027 സെപ്റ്റംബർ ഒന്നിനകം ഇതിൻ്റെ നിർമ്മാണം ആരംഭിക്കും. 2050-ഓടെ വായു മലിനീകരണം പൂർണ്ണമായും ഇല്ലാതാക്കുക, അടുത്ത പത്ത് വർഷത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിൻ്റെ പുറന്തള്ളൽ 75 ശതമാനം കുറയ്ക്കുക എന്നിവയും കരാറിൻ്റെ ഭാഗമാണ്. 2035-ൽ നിലവിൽ വരുന്ന കാനഡയുടെ 'ക്ലീൻ ഇലക്ട്രിസിറ്റി റെഗുലേഷനിൽ' നിന്ന് ആൽബർട്ടയ്ക്ക് ഇളവ് ലഭിക്കും.
എന്നാൽ ഈ കരാർ കാനഡയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ആൽബർട്ടയ്ക്ക് മാത്രമായി പ്രത്യേക നിയമങ്ങൾ നൽകുന്നത് മറ്റ് പ്രവിശ്യകളോടുള്ള അനീതിയാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് ഈബി ആരോപിച്ചു. 'എണ്ണ-വാതക ലോബികൾക്ക് മുന്നിലുള്ള കീഴടങ്ങൽ' എന്നാണ് എൻ.ഡി.പി നേതാവ് അവി ലൂയിസ് ഈ കരാറിനെ വിശേഷിപ്പിച്ചത്. കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ പൈപ്പ്‌ലൈൻ പദ്ധതിയെ സ്വാഗതം ചെയ്തെങ്കിലും കാർബൺ വില കൂട്ടുന്നതിനെ എതിർത്തു.