അമ്മയെയും ചിറ്റമ്മയെയും വെടിവെച്ചുകൊന്നു; രക്തത്തില്‍ കുളിച്ചെത്തി യുവാവിന്റെ കുറ്റസമ്മതം, ശിക്ഷ ഓഗസ്റ്റ് 24-ന്

By: 600002 On: May 16, 2026, 10:36 AM



പി പി ചെറിയാന്‍

കാന്‍സാസ്: വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് സ്വന്തം അമ്മയെയും ചിറ്റമ്മയെയും  വെടിവെച്ചുകൊന്ന കേസില്‍ കാന്‍സാസ് സ്വദേശിയായ ലൂക്ക് ഹൊവാര്‍ഡ് (Luke Howard) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2025 ഫെബ്രുവരിയിലായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. അമ്മയായ വലേരി ഹൊവാര്‍ഡ് (63), ചിറ്റമ്മയായ ജോയ്സ് ഓസ്റ്റിന്‍ (71) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ലൂക്ക് രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു ഫാര്‍മസിയിലേക്ക് നടന്നു കയറുകയായിരുന്നു. തുടര്‍ന്ന് താന്‍ രണ്ടുപേരെ കൊലപ്പെടുത്തിയെന്നും പൊലീസില്‍ കീഴടങ്ങണമെന്നും ഫാര്‍മസിസ്റ്റിനോട് പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 10 മുതല്‍ 12 വരെ വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ ലിവിംഗ് റൂമില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

തങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ലൂക്കിനെ ഒഴിപ്പിക്കാനായി ഇവര്‍ 30 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലൂക്കിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും മുന്‍പും ഇയാള്‍ അക്രമാസക്തനായിരുന്നതായും ബന്ധുക്കള്‍ മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

കോടതിയുമായുള്ള പ്ലീ ഡീലിന്റെ (Plea deal) ഭാഗമായി പ്രതിക്ക് 65 വര്‍ഷവും മൂന്ന് മാസവും തടവുശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 24-ന് ഇയാളുടെ ശിക്ഷാവിധി ഔദ്യോഗികമായി പ്രഖ്യാപിക്കും.