പ്രസാദ് തീയാടിക്കല്‍
വാഷിങ്ടണ്‍: ഭൗമകാന്തിക കൊടുങ്കാറ്റിന്റെ (Geomagnetic Storm) സ്വാധീനത്തെ തുടര്‍ന്ന് ഇന്ന് രാത്രി (മെയ് 15 ന്)അമേരിക്കയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ ആകാശത്ത് ''നോര്‍തേണ്‍ ലൈറ്റ്‌സ്'' അഥവാ ഔറോറ ബോറിയാലിസ് ദൃശ്യമാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
നാഷണല്‍ ഓഷ്യനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പുപ്രകാരം മിനിസോട്ട, വിസ്‌കോണ്‍സിന്‍,മിഷിഗണ്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആകാശം തെളിഞ്ഞാല്‍ വര്‍ണാഭമായ പ്രകാശവിസ്മയം കാണാനാകും.
സൂര്യനില്‍ നിന്നുള്ള ശക്തമായ സൗരകണങ്ങള്‍ ഭൂമിയുടെ കാന്തികക്ഷേത്രവുമായി ഇടപെടുമ്പോഴാണ് ഔറോറ രൂപപ്പെടുന്നത്. പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള പ്രകാശതരംഗങ്ങള്‍ രാത്രിയാകാശത്തില്‍ തെളിയുന്ന അപൂര്‍വ കാഴ്ചയാണ് ഇത്.
നഗരപ്രകാശം കുറഞ്ഞ പ്രദേശങ്ങളില്‍ രാത്രി വൈകിയും പുലര്‍ച്ചെയുമാണ് കാഴ്ച കൂടുതല്‍ വ്യക്തമായി കാണാന്‍ സാധ്യതയുള്ളതെന്ന് വിദഗ്ധര്‍ അറിയിച്ചു.