കോട്ടയം സിഎംഎസ് കോളേജ് അലുമ്‌നി; ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പര്‍ശിയായ സംഗമം

By: 600002 On: May 15, 2026, 2:05 PM



 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ് കോളേജിന്റെ പൂര്‍വവിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്‌നി സംഗമം സൗഹൃദത്തിന്റെയും ഓര്‍മ്മകളുടെയും മനോഹര വേദിയായി മാറി.

മെയ് 12-ന് വൈകുന്നേരം 6.30-ന് ഗ്രേറ്റര്‍ ഹൂസ്റ്റണിലെ സെന്റ് തോമസ് ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളില്‍ നടന്ന സമ്മേളനത്തിലാണ് സിഎംഎസ്  കോളേജ് അലുമ്‌നി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

റവ. ദീബു എബി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ CMS കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. റോയ് സാം ഡാനിയേല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

CMS കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുന്‍ പ്രൊഫസറായ പ്രൊഫ. സക്കറിയ ഉമ്മന്‍ സ്വാഗതം ആശംസിച്ചു. മുന്‍ സഹപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും വീണ്ടും ഒരുമിപ്പിച്ച് പഴയ സൗഹൃദങ്ങള്‍ പുതുക്കുകയും കോളജ് ജീവിതത്തിലെ മധുരസ്മരണകള്‍ പങ്കിടുന്നതിനുള്ള വേദിയാകുകയുമാണ് ഈ അലുമ്‌നി സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

റവ. ദീബു എബി ജോണ്‍, പ്രൊഫ. ഡോ. റോയ് സാം ഡാനിയേല്‍, റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വി. വി. ബാബുക്കുട്ടി, ജോണ്‍ ചാക്കോ (ജോസ് കോട്ടയം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ ഭാഗമായി ജെയിംസ് മാത്യു അവതരിപ്പിച്ച ഗാനസന്ധ്യയും ശ്രദ്ധേയമായി.

സന്ധ്യയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളിലൊന്നായി കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലായിരുന്ന പരേതനായ റവ. എം. സി. ജോണിനെ അനുസ്മരിച്ച് ടിറ്റി മാത്യു അവതരിപ്പിച്ച ആദരാഞ്ജലി മാറി. പങ്കെടുത്തവര്‍ കോളജ് ജീവിതത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചത് സംഗമത്തിന് കൂടുതല്‍ ആത്മീയതയും ഉല്ലാസവും പകര്‍ന്നു.

തുടര്‍ന്ന് നടന്ന ബിസിനസ് സെഷനില്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രൊഫ. സക്കറിയ ഉമ്മനെ രക്ഷാധികാരിയായും ടിറ്റി മാത്യുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രൊഫ. ടോം തോമസ്, വി. വി. ബാബുക്കുട്ടി, ഡോ. ജാന്‍സി ജേക്കബ്, ഷൈനി ഒമ്മന്‍, സുഗു ഫിലിപ്പ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുന്‍ പ്രൊഫസറായ പ്രൊഫ. ടോം തോമസ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് എല്ലാവരും പങ്കെടുത്ത സൗഹൃദ വിരുന്നോടെ സമ്മേളനം സമാപിച്ചു.