കാനഡയിലെ പുതിയ വികസന പദ്ധതികൾക്ക് ആവശ്യമായ മൂലധനം കണ്ടെത്തുന്നതിനായി വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി . രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച മുരടിച്ചിരിക്കുന്ന സാഹചര്യത്തിൽ, പുതിയ റോഡുകൾ, പാലങ്ങൾ, ഊർജ്ജ പദ്ധതികൾ എന്നിവയ്ക്കായി പണം കണ്ടെത്താൻ ആസ്തി പുനരുപയോഗം എന്ന തന്ത്രം ഫലപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങൾ പോലുള്ള ലാഭകരമായ പൊതുസ്വത്തുക്കൾ പെൻഷൻ ഫണ്ടുകൾക്കോ ഇൻവെസ്റ്റ്‌മെൻ്റ് ഗ്രൂപ്പുകൾക്കോ വിൽക്കുന്നതിലൂടെ സർക്കാരിന് വലിയൊരു തുക സമാഹരിക്കാൻ കഴിയുമെന്നാണ് കാർണിയുടെ വാദം. പൊതുമുതൽ വിറ്റഴിക്കുന്നതിലൂടെ സർക്കാരിൻ്റെ കടം കുറയ്ക്കാൻ സാധിക്കുമെന്ന് മാർക്ക് കാർണി അവകാശപ്പെടുമ്പോഴും, ഈ നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുന്നത് യാത്രാക്കൂലി വർദ്ധിക്കുന്നതിനും സേവന നിലവാരം കുറയുന്നതിനും കാരണമാകുമെന്ന് പല സാമ്പത്തിക നിരീക്ഷകരും മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം നിലവിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അതോറിറ്റികളാണ് നിയന്ത്രിക്കുന്നത്. ഇവ സ്വകാര്യ ലാഭത്തിനായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൈമാറുന്നത് യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികളും പങ്കുവയ്ക്കുന്നുണ്ട്.