2026-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ടൊറൻ്റോയിൽ, കായിക ആവേശത്തോടൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് പുതിയ പദ്ധതി ആവിഷ്കരിച്ചു. ലോകകപ്പിൻ്റെ ഭാഗമായി നഗരത്തിലെത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്കായി ഫുട്ബോൾ പ്രമേയത്തിലുള്ള ആറ് വ്യത്യസ്ത ഡിസൈനുകളിലുള്ള സൗജന്യ കോണ്ടം വിതരണം ചെയ്യാനാണ് തീരുമാനം. "ബ്ലോക്ക് ദോസ് ഷോട്ട്സ്" "വാട്ട് എ ഫിനിഷ്!" തുടങ്ങിയ രസകരമായ സന്ദേശങ്ങൾ ആലേഖനം ചെയ്ത കവറുകളിലാണ് ഇവ ലഭ്യമാകുക.
ടൊറൻ്റോയിലെ നാല് പ്രധാന ലൈംഗിക ആരോഗ്യ ക്ലിനിക്കുകളിലും തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി സെൻ്ററുകളിലും ഇവ സൗജന്യമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ലോകോത്തര കായിക മേളകൾ നടക്കുമ്പോൾ നഗരങ്ങളിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നതും അത് വഴി ലൈംഗിക രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻകൂട്ടി കണ്ടാണ് ഇത്തരമൊരു നടപടി. CondomTO എന്ന ക്യാമ്പയിനിലൂടെ സുരക്ഷിതമായ ലൈംഗിക ശീലങ്ങളെ പ്രോത്സാഹിപ്പിക്കാനും എച്ച്.ഐ.വി ഉൾപ്പെടെയുള്ള അണുബാധകൾ തടയാനുമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
മുൻപ് 2014-ൽ വേൾഡ് പ്രൈഡ് സമയത്തും 2015-ലെ പാൻ അമേരിക്കൻ ഗെയിംസ് വേളയിലും ടൊറൻ്റോ പബ്ലിക് ഹെൽത്ത് സമാനമായ രീതിയിൽ കോണ്ടം വിതരണം ചെയ്തിരുന്നു. ടൊറൻ്റോയിൽ ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ആറ് ലോകകപ്പ് മത്സരങ്ങൾ പ്രമാണിച്ച് അര ദശലക്ഷത്തോളം കോണ്ടം വിതരണം ചെയ്യാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.