ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഭക്ഷ്യശേഖരം പിടികൂടി; മൂന്ന് യാത്രക്കാർ പിടിയിൽ

By: 600110 On: May 15, 2026, 12:55 PM

ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 45 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ കാനഡ ബോർഡർ സർവീസസ് ഏജൻസി  പിടികൂടി. ബംഗ്ലാദേശിൽ നിന്നുള്ള വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരുടെ ബാഗുകളിൽ നിന്നാണ് മാംസം, പാൽ ഉൽപ്പന്നങ്ങൾ, സസ്യങ്ങൾ എന്നിവ കണ്ടെടുത്തത്. അതിർത്തി സുരക്ഷാ സേനയുടെ കെ-9 വിഭാഗത്തിലെ ധർള, ഓൾഗ, തിയോ എന്നീ പരിശീലനം ലഭിച്ച ലാബ്രഡോർ റിട്രീവർ നായ്ക്കളാണ് ഈ ഒളിപ്പിച്ചു വെച്ച വസ്തുക്കൾ കണ്ടെത്തിയത്.

രണ്ടുമാസം മുൻപ് ഇതേ വിമാനത്താവളത്തിൽ ഈജിപ്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 22 കിലോ പച്ചമാംസം നായ കണ്ടെത്തിയിരുന്നു. ഇത്തരം മാംസങ്ങളിൽ അടങ്ങിയിരിക്കുന്ന സാൽമൊണല്ല ബാക്ടീരിയകൾ ഗുരുതരമായ അണുബാധയ്ക്കും വയറിളക്കം, പനി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാനഡയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ കൈവശമുള്ള ആഹാരസാധനങ്ങൾ, അത് എന്ത് തന്നെ ആയാലും കൃത്യമായി വെളിപ്പെടുത്തണമെന്നാണ് അതിർത്തി സുരക്ഷാ നിയമത്തിൽ ഉള്ളത്. പാകം ചെയ്തതോ അല്ലാത്തതോ ആയ മാംസം, പാൽ, ചീസ്, മുട്ട, മീൻ, സസ്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

കനേഡിയൻ പൗരന്മാർക്കും വിദേശ സന്ദർശകർക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. രാജ്യത്തെ കാർഷിക മേഖലയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ കർശനമാക്കിയിരിക്കുന്നത്. വിവരങ്ങൾ മറച്ചുവെച്ച് നിയമം ലംഘിക്കുന്നവർ പിഴ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സി.ബി.എസ്.എ അറിയിച്ചു.