കാനഡയിൽ ശക്തമായ എൽ നിനോ പ്രതിഭാസത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

By: 600110 On: May 15, 2026, 12:51 PM

 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കൂടുതൽ ശക്തമായ  'എൽ നിനോ' പ്രതിഭാസം വരാൻ സാധ്യതയുള്ളതായി കനേഡിയൻ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇത് കാനഡയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രവിശ്യകളിൽ കടുത്ത ചൂടിനും വരൾച്ചയ്ക്കും കാരണമായേക്കും. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ശീതകാലമായി രേഖപ്പെടുത്തിയ 2024-നേക്കാൾ വലിയ ചൂടായിരിക്കും അടുത്ത വർഷം അനുഭവപ്പെടുകയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ വെള്ളം ചൂടുപിടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സ്വാഭാവിക കാലാവസ്ഥാപ്രതിഭാസമാണ് എൽ നിനോ. എന്നാൽ ആഗോളതാപനം ഇതിൻ്റെ ആഘാതം ഇരട്ടിയാക്കുകയാണ്. കാനഡയിൽ, പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ എൽ നിനോ സാധാരണയായി ശീതകാലത്തെ ചൂട് വർദ്ധിപ്പിക്കാറാണ് പതിവ്. 2023-2024 കാലഘട്ടത്തിലുണ്ടായ എൽ നിനോ കാനഡയിൽ മഞ്ഞുരുകലിനും സ്കീയിംഗ് റിസോർട്ടുകളുടെ തകർച്ചയ്ക്കും ജലവൈദ്യുത ഉൽപ്പാദനം കുറയുന്നതിനും കാരണമായിരുന്നു. എന്നാൽ വരാനിരിക്കുന്ന എൽ നിനോ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഒന്നായി മാറാനാണ് സാധ്യതയെന്ന് എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ശാസ്ത്രജ്ഞനായ ബിൽ മെറിഫീൽഡ് പറഞ്ഞു.

2015-2016 കാലഘട്ടത്തിലുണ്ടായ ശക്തമായ എൽ നിനോ കാനഡയിലെ ശീതകാല താപനില സാധാരണയേക്കാൾ നാല് ഡിഗ്രി വരെ ഉയരാൻ കാരണമായിരുന്നു. അതുപോലെ 1998-ലെ എൽ നിനോ ഒൻ്റാരിയോയിലും ക്യൂബെക്കിലും വൻ ഐസ് കൊടുങ്കാറ്റിന് കാരണമായി. നവംബറിനും ജനുവരിക്കും ഇടയിൽ അതിശക്തമായ എൽ നിനോ ഉണ്ടാകാൻ 37 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രവചനം.

പടിഞ്ഞാറൻ കാനഡയിൽ മഞ്ഞുവീഴ്ച കുറയുന്നത് ജലവിതരണത്തെയും സ്കീയിംഗ് മേഖലയെയും ബാധിക്കുമ്പോൾ, പ്രയറി  പ്രദേശങ്ങളിലെ വരൾച്ച കൃഷിയെ ദോഷകരമായി ബാധിച്ചേക്കാം. എന്നാൽ അറ്റ്‌ലാൻ്റിക്കിലെ ചുഴലിക്കാറ്റുകളുടെ തീവ്രത കുറയ്ക്കാൻ എൽ നിനോ സഹായിക്കുമെന്നത് കിഴക്കൻ കാനഡയ്ക്ക് നേരിയ ആശ്വാസമാണ്.  എൽ നിനോ താൽക്കാലിക പ്രതിഭാസമാണെങ്കിലും വരാനിരിക്കുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ സർക്കാരുകളും ജനങ്ങളും തയ്യാറെടുക്കണമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്കുന്നത്.