ആൽബർട്ടയിൽ പുതിയ 'കെയർ-ഫസ്റ്റ്' വാഹന ഇൻഷുറൻസ് നയം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും

By: 600110 On: May 15, 2026, 12:47 PM

 

 

ആൽബർട്ട പ്രവിശ്യയിൽ വാഹന ഇൻഷുറൻസ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി സർക്കാർ. പുതിയ "കെയർ-ഫസ്റ്റ്" ഇൻഷുറൻസ് മാതൃക 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന്  സർക്കാർ പ്രഖ്യാപിച്ചു. വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് വേഗത്തിൽ ചികിൽസ ലഭ്യമാക്കുക, ഇൻഷുറൻസ് കമ്പനികൾ വാർഷിക നിരക്കുകൾ അമിതമായി വർദ്ധിപ്പിക്കുന്നത് തടയുക എന്നിവയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പുതിയ നയം അനുസരിച്ച് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വാർഷിക ഇൻഷുറൻസ് നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കാൻ കമ്പനികൾക്ക്   അനുവാദമുണ്ടാകില്ല.  പോളിസി പുതുക്കുമ്പോൾ ഒരു ഡ്രൈവർക്ക് പരമാവധി 10 ശതമാനം വരെ മാത്രമേ പ്രീമിയം തുക വർദ്ധിപ്പിക്കാൻ പാടുള്ളൂ എന്നും പരിധി നിശ്ചയിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 'ഗുഡ് ഡ്രൈവർ റേറ്റ് ക്യാപ്' എന്ന സംവിധാനത്തിന് പകരമാണ് പുതിയ പരിഷ്കാരം വരുന്നത്.

പുതിയ സംവിധാനം വരുന്നതോടെ അടിസ്ഥാന ഇൻഷുറൻസ് മാത്രമുള്ള ഡ്രൈവർമാർക്ക് ഒരു വാഹനത്തിന് വർഷത്തിൽ ശരാശരി 366 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അപകടങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന വലിയ നിയമനടപടികളും കോടതിച്ചെലവുകളും കുറയ്ക്കാനും, ആ തുക അപകടത്തിൽപ്പെടുന്നവർക്ക് വേഗത്തിൽ ചികിൽസയും പരിചരണവും നൽകാൻ ഉപയോഗിക്കാനും കെയർ-ഫസ്റ്റ് മോഡൽ സഹായിക്കും.

പുതിയ നിയമങ്ങൾ ഇൻഷുറൻസ്  കമ്പനികൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ 'ഓട്ടോമൊബൈൽ ഇൻഷുറൻസ് റേറ്റ് ബോർഡ്' നിരന്തരമായി നിരീക്ഷണം നടത്തുമെന്നും ആൽബർട്ട ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു. ഇൻഷുറൻസ് രംഗത്ത് സുതാര്യതയും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളും ഉറപ്പാക്കാൻ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.