കാനഡയിലെ ഒൻ്റാരിയോയിലുള്ള നോർഫോക് കൗണ്ടിയിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ്റെ വേഷം ധരിച്ചെത്തി വീടുകൾ കയറി പണം പിരിക്കുന്നതായി പരാതി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. ഫയർഫോഴ്‌സിൻ്റെ പേരിൽ നിലവിൽ യാതൊരുവിധ ഫണ്ട് ശേഖരണമോ പരിശോധനകളോ നടത്തുന്നില്ലെന്നും വീടുകൾ കയറി പണം പിരിക്കുന്ന രീതി വകുപ്പിനില്ലെന്നും ഫയർ ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.
ഫയർഫോഴ്‌സ് യൂണിഫോം ധരിച്ച ഒരാൾ കൗണ്ടിയിലെ പല വീടുകളും സന്ദർശിക്കുന്നതായി പ്രദേശവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് നോർഫോക് കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെൻ്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥർ ഒരിക്കലും വീടുകളിൽ നേരിട്ടെത്തി പണം ആവശ്യപ്പെടില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ആരെങ്കിലും പണമോ വ്യക്തിവിവരങ്ങളോ ആവശ്യപ്പെട്ട് സമീപിച്ചാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. ഇത്തരം ആളുകൾക്ക് പണം നൽകരുതെന്നും, യൂണിഫോം ധരിച്ചെത്തുന്ന ഇത്തരം തട്ടിപ്പുകാരെ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ വിശ്വാസം പിടിച്ചുപറ്റാനാണ് തട്ടിപ്പുകാർ ഫയർഫോഴ്‌സ് ഗിയറും യൂണിഫോമും ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ സംശയസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ തന്നെ ഒൻ്റാരിയോ പ്രവിശ്യാ പോലീസിനെ വിവരമറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ നിന്നും സുഹൃത്തുക്കളെയും അയൽക്കാരെയും ബോധവാന്മാരാക്കാനും ഫയർ ഡിപ്പാർട്ട്‌മെൻ്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു. തട്ടിപ്പുകാരെ കണ്ടെത്താനായി ഫയർ ഡിപ്പാർട്ട്‌മെൻ്റ് നിലവിൽ പോലീസുമായി ചേർന്ന് അന്വേഷണം നടത്തിവരികയാണ്.