കാനഡയിൽ ചില വിമാനയാത്രക്കാർക്ക് ഹൻ്റാ വൈറസ് ബാധിച്ച ആളുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത 26 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇവരിൽ കൂടുതൽ രോഗസാധ്യതയുള്ള ഒൻപത് കനേഡിയൻ പൗരന്മാരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും, നിലവിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്നും പൊതുജനങ്ങളിലേക്ക് വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ യാത്രക്കാർക്ക് യാതൊരുവിധ രോഗസാധ്യതയുമില്ലെന്ന് യൂറോപ്യൻ ആരോഗ്യ വിദഗ്ധർ വിലയിരുത്തിയിരുന്നു. എങ്കിലും കൂടുതൽ മുൻകരുതൽ എന്ന നിലയ്ക്കാണ് കാനഡ ഇവരെ നിരീക്ഷണത്തിലാക്കിയത്. നിലവിൽ ഒന്റാറിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലായി ഒൻപത് പേരാണ് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നത്. വൈറസ് ബാധയുണ്ടായ 'എംവി ഹോണ്ടിയസ്' എന്ന ക്രൂയിസ് കപ്പലിൽ യാത്ര ചെയ്തവരോ, രോഗബാധിതനായ വ്യക്തിയുടെ തൊട്ടടുത്ത സീറ്റുകളിൽ ഇരുന്ന് വിമാനത്തിൽ യാത്ര ചെയ്തവരോ ആണ് ഈ ഒൻപത് പേർ.
നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ആരെയും പരിശോധനകൾക്ക് വിധേയമാക്കിയിട്ടില്ല. രോഗലക്ഷണങ്ങൾ പ്രകടമായാൽ മാത്രമേ പരിശോധന നടത്തുകയുള്ളൂ എന്ന് ആൽബർട്ട ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 26 യാത്രക്കാരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രാദേശിക ആരോഗ്യ വിദഗ്ധർ ഇവരുടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
കാനഡയിൽ നിലവിൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടെന്നും വൈറസ് കൂടുതൽ പേരിലേക്ക് പടരാൻ സാധ്യതയില്ലെന്നും ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റീമർ അറിയിച്ചു. കാനഡയ്ക്ക് പുറമെ ലോകാരോഗ്യ സംഘടനയും നിലവിൽ ഹൻ്റാ വൈറസ് വലിയ രീതിയിൽ പടർന്നുപിടിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പൊതുജനസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കനേഡിയൻ ആരോഗ്യവകുപ്പ് അറിയിച്ചു.