ടെക്‌സസിലെ 600-ാം വധശിക്ഷ: എഡ്വേര്‍ഡ് ബസ്ബിയെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

By: 600002 On: May 15, 2026, 9:16 AM




പി പി ചെറിയാന്‍

ഡാലസ്: ഹണ്ട്സ്വില്‍ (ടെക്‌സസ്): അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലുള്ള ടെക്‌സസ് സംസ്ഥാനം തങ്ങളുടെ 600-ാമത്തെ ശിക്ഷാ നടപടി പൂര്‍ത്തിയാക്കി. 

2005-ല്‍ 77 വയസ്സുകാരിയായ റിട്ടയേര്‍ഡ് ടി.സി.യു  പ്രൊഫസറുടെ മുഖം താടി മുതല്‍ പുരികം വരെ 14 പാളികളായി ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുറ്റുകയും, തുടര്‍ന്ന് അവരെ കാറിന്റെ ഡിക്കിക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത  കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ എഡ്വേര്‍ഡ് ബസ്ബിയെ (50) വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു.   ഹണ്ട്സ്വില്ലിലെ സ്റ്റേറ്റ് ജയിലിലെ വധശിക്ഷാ മുറിയില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

ബസ്ബിക്ക് മാനസിക വെല്ലുവിളികള്‍ ഉണ്ടെന്ന വാദത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഫെഡറല്‍ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, വ്യാഴാഴ്ച ഉച്ചയോടെ സുപ്രീം കോടതി ഈ സ്റ്റേ നീക്കിയതാണു വധശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്.  

1976-ല്‍ അമേരിക്കയില്‍ വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം ടെക്‌സസില്‍ നടക്കുന്ന 600-ാമത്തെ വധശിക്ഷയാണിത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഫ്‌ലോറിഡ 131 പേരെയാണ് ഇതുവരെ വധിച്ചത്.  

ടെക്‌സസിലെ വധശിക്ഷകളില്‍ പകുതിയും നടക്കുന്നത് ഹാരിസ്, ഡാലസ് ഉള്‍പ്പെടെയുള്ള നാല് കൗണ്ടികളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബസ്ബിയുടെ വധശിക്ഷയെച്ചൊല്ലി കോടതിയിലെ ലിബറല്‍ ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വധശിക്ഷയ്ക്കെതിരെ വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന (IQ 75) വ്യക്തിയായിരുന്നു ബസ്ബിയെന്നും, ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് പലപ്പോഴും വധശിക്ഷയ്ക്ക് ഇരയാകുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

ശിക്ഷാ നടപടിക്കെതിരെ 'ഹ്യൂമന്‍ റൈറ്റ്‌സ് ഡാലസ് ഡിഗ്‌നിറ്റി', 'ഫെയ്ത്ത് കോമണ്‍സ്' തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നു.

ഒരു മനുഷ്യന്‍ ചെയ്ത ഏറ്റവും മോശമായ പ്രവര്‍ത്തിയുടെ പേരില്‍ മാത്രം അയാളെ വിലയിരുത്തരുതെന്നും, പകരം വീട്ടലല്ല നീതിയെന്നും വിശ്വാസപ്രമാണങ്ങളെ ഉദ്ധരിച്ച് ഫെയ്ത്ത് കോമണ്‍സ് പ്രതിനിധികള്‍ പറഞ്ഞു.

ശിക്ഷയിലൂടെ കൊലപാതകങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും, മറിച്ച് സമൂഹം കൂടുതല്‍ ക്രൂരതയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ ഓര്‍മ്മിപ്പിച്ചു.

നീതി എന്നാല്‍ വധശിക്ഷയല്ലെന്നും, കരുണ കാണിക്കാന്‍ ധൈര്യം കാണിക്കുന്ന സമൂഹമായി നാം മാറണമെന്നുമുള്ള പ്രാര്‍ത്ഥനയോടെയാണ് പ്രതിഷേധ ചടങ്ങുകള്‍ അവസാനിച്ചത്.