പ്രസാദ് തീയാടിക്കല്‍
വാഷിംഗ്ടണ്‍: ജോണ്‍ കോര്‍നിന്‍ ഈ ആഴ്ച യു.എസ്. സെനറ്റില്‍ പുതിയ നിയമപ്രമേയം അവതരിപ്പിച്ചു. അതനുസരിച്ച്, ടെക്‌സാസിലെ പോര്‍ട്ട് ആര്‍തറില്‍ നിന്ന് മൊണ്ടാനയിലെ ഷോട്ടോവരെ നീളുന്ന യു.എസ്. ഹൈവേ 287നെ ''ഇന്റര്‍സ്റ്റേറ്റ് 47'' (I-47) എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യാനാണ് പദ്ധതി. ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഇതിനെ ''ട്രംപ് ഇന്റര്‍സ്റ്റേറ്റ്'' എന്നും വിശേഷിപ്പിക്കുന്നു.
ഏകദേശം 1,800 മൈല്‍ ദൈര്‍ഘ്യമുള്ള ഈ പാത ടെക്‌സാസ്, ഒക്ലഹോമ, കൊളറാഡോ, വയോമിംഗ് എന്നിവ വഴിയാണ് കടന്നുപോകുന്നത്. പുതിയ ബില്‍ പ്രകാരം ഈ ഹൈവേ ഭാവിയില്‍ ഇന്റര്‍സ്റ്റേറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തുക, ചരക്ക് ഗതാഗതം വേഗത്തിലാക്കുക, റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
സെനറ്റര്‍ കോര്‍നിന്‍ പ്രസ്താവിച്ചത്, ''ടെക്‌സാസ് ട്രംപ് രാജ്യമാണ്,'' എന്നായിരുന്നു. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനെ അനുസ്മരിച്ചാണ് ''ഇന്റര്‍സ്റ്റേറ്റ് 47'' എന്ന പേര് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്ലിന് സിന്തിയ ല്യൂമ്മിസ് സഹപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഈ നിര്‍ദേശം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അനുകൂലികള്‍ ഇത് അടിസ്ഥാന സൗകര്യ വികസനത്തിനും വ്യാപാര വളര്‍ച്ചയ്ക്കും ഗുണകരമെന്ന് പറയുമ്പോള്‍, വിമര്‍ശകര്‍ ഒരു സമകാലീന രാഷ്ട്രീയ നേതാവിന്റെ പേരില്‍ ഫെഡറല്‍ ഹൈവേ നാമകരണം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നു.