ബാബു പി സൈമണ്‍, ഡാളസ്
ഡാളസ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വി.ഡി. സതീശന് ഐ.ഒ.സി (IOC) ഡാളസ് കേരള ചാപ്റ്റര്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു നൈനാന്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളും ക്രിയാത്മകമായ നിലപാടുകളുമാണ് യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കേരളത്തിന് നല്‍കാന്‍ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കുമെന്നും നവകേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഈ പുതിയ നേതൃത്വം കരുത്തുപകരുമെന്നും ഐ.ഒ.സി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ സാക്ക് തോമസ് അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണ ഈ വിജയത്തിന് പിന്നിലുണ്ടെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും സെക്രട്ടറി അഞ്ജു ബിജിലി പറഞ്ഞു. യുവജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുന്ന ഭരണമായിരിക്കും ഇതെന്നും കേരളത്തിന്റെ ഭാവി ശോഭനമാകുമെന്നും യൂത്ത് പ്രസിഡന്റ് ജോഫി ജേക്കബ് ആശംസിച്ചു.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും, പ്രവാസ ലോകത്തിന്റെ പൂര്‍ണ്ണ പിന്തുണ സര്‍ക്കാരിനുണ്ടാകുമെന്നും ഐ.ഒ.സി ഡാളസ് ചാപ്റ്റര്‍ ഉറപ്പുനല്‍കി.