ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ കാനഡയിലെ പുതിയ പൈപ്പ് ലൈൻ പദ്ധതിയിൽ ധാരണയാകുന്നു. പടിഞ്ഞാറൻ തീരത്തേക്ക് ബിറ്റുമെൻ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ നിർമ്മാണത്തിനായുള്ള കരാർ സംബന്ധിച്ചാണ് ധാരണയായത്.
വ്യവസായ സ്ഥാപനങ്ങളുടെ കാർബൺ പുറന്തള്ളലിനുള്ള പിഴ 2040-ഓടെ ടണ്ണിന് 130 ഡോളറായി നിശ്ചയിക്കാനാണ് നിലവിലെ നീക്കം. കാർബൺ പിടിച്ചെടുക്കുന്നതിനുള്ള 'പാത്ത്‌വേസ്' പദ്ധതിയിൽ വൻകിട കമ്പനികളുടെ പങ്കാളിത്തവും കരാറിലെ പ്രധാന നിബന്ധനയാണ്. വെള്ളിയാഴ്ച പ്രധാനമന്ത്രി കാർണി കാൽഗറി സന്ദർശിക്കുമ്പോൾ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ഊർജ്ജ ഉൽപ്പാദനവും തമ്മിലുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കാൻ ഈ ഉടമ്പടി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് നിശ്ചയിച്ചിരുന്ന ഉയർന്ന കാർബൺ നികുതി കുറയ്ക്കുന്നത് ഊർജ്ജ മേഖലയിലെ വികസനത്തിന് ഉണർവ് നൽകുമെന്നാണ് ആൽബർട്ട സർക്കാരിൻ്റെ വിശ്വാസം.
എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഈ നീക്കത്തെ ശക്തമായി എതിർക്കാൻ സാധ്യതയുണ്ട്. പൈപ്പ് ലൈനിൻ്റെ പാത നിശ്ചയിക്കുന്നതും തദ്ദേശീയ വിഭാഗങ്ങളുമായുള്ള കൂടിയാലോചനകളും കരാറിന് ശേഷമുള്ള അടുത്ത ഘട്ടങ്ങളായിരിക്കും. ജൂലൈ ഒന്നോടെ ഈ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായും നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം ഈ കരാർ നിർണ്ണായകമായ സ്വാധീനം ചെലുത്തും.