കാനഡയിലെ പ്രിൻസ് ജോർജിലുള്ള പെഡൻ ഹിൽ എലിമെൻ്റ റി സ്കൂളിൽ ആരംഭിച്ച പഞ്ചാബി ഭാഷാ പഠന പരിപാടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്കൂൾ സമയത്തിന് ശേഷം നടത്തുന്ന ഈ പരിപാടിക്കെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയതാണ് വിവാദത്തിന് കാരണമായത്. യൂറോപ്യൻ ഇതര ഭാഷകൾക്ക് എന്തിന് മുൻഗണന നൽകുന്നു എന്ന ചോദ്യമാണ് ചിലർ വിമർശനമായി ഉന്നയിക്കുന്നത്. എന്നാൽ സാംസ്കാരിക വൈവിധ്യം നിലനിർത്താനുള്ള മികച്ച നീക്കമായിട്ടാണ് ഇതിനെ മറുപക്ഷം വിലയിരുത്തുന്നത്.
ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തങ്ങളെ ബാധിക്കില്ലെന്നും പരിപാടിയുമായി മുന്നോട്ട് പോകുമെന്നും സ്കൂൾ അധികൃതരും വിദ്യാർത്ഥികളും വ്യക്തമാക്കി. സ്കൂളിലെ പകുതിയിലധികം വിദ്യാർത്ഥികളും പഞ്ചാബി പശ്ചാത്തലത്തിൽ നിന്നുള്ളവരായതിനാലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് പ്രിൻസിപ്പൽ നിക്കോൾ പോൾഹുയിസ് പറഞ്ഞു. തങ്ങളുടെ മാതൃഭാഷ പഠിക്കുന്നതിലൂടെ നാട്ടിലുള്ള മുതിർന്നവരുമായി ആശയവിനിമയം നടത്താനും സ്വന്തം സംസ്കാരത്തെ അടുത്തറിയാനും സാധിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. നിലവിൽ ഔദ്യോഗിക പാഠ്യപദ്ധതിയിൽ പഞ്ചാബി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, രക്ഷിതാക്കളുടെ താൽപ്പര്യപ്രകാരം കുട്ടികൾക്ക് അവരുടെ പൈതൃകം കാത്തുസൂക്ഷിക്കാനുള്ള അവസരമാണ് സ്കൂൾ ഒരുക്കി നൽകുന്നത്.