അമിതവേഗതയിൽ പാഞ്ഞ കാർ പിടിച്ചെടുത്ത് ബ്രിട്ടീഷ് കൊളംബിയ പൊലീസ്; ഡ്രൈവർക്ക് കനത്ത പിഴ

By: 600110 On: May 14, 2026, 12:24 PM

ബ്രിട്ടീഷ് കൊളംബിയയിലെ ചേസിന് സമീപം ഹൈവേ 1-ൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ആൽബർട്ട സ്വദേശിയുടെ കാർ പോലീസ് പിടിച്ചെടുത്തു. മെട്രോ വാൻകൂവറിലേക്ക് പോവുകയായിരുന്ന 59 വയസ്സുകാരനാണ് അമിതവേഗതയെത്തുടർന്ന് യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നത്. 

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിലൂടെ 163 കിലോമീറ്റർ വേഗതയിൽ പോലീസ് വാഹനത്തെ മറികടന്നുപോയ ചുവന്ന മാസ്ഡ ഹാച്ച്ബാക്ക് കാറിനെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സമീപത്തുണ്ടായിരുന്നൊരു ഒരു ട്രക്ക് ഡ്രൈവർ നൽകിയ ഡാഷ്ക്യാം ദൃശ്യങ്ങളും സാക്ഷിമൊഴിയും നിയമലംഘനം തെളിയിക്കുന്നതിൽ നിർണ്ണായകമായി. ഇരട്ട ലൈൻ മുറിച്ചുകടന്നതിനും അപകടകരമായ രീതിയിൽ മറ്റ് വാഹനങ്ങളെ മറികടന്നതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 483 ഡോളർ പിഴ വിധിച്ചതിന് പുറമെ ഏഴ് ദിവസത്തേക്ക് കാർ കണ്ടുകെട്ടുകയും ചെയ്തു. ഇതിന് പുറമെ വരും വർഷങ്ങളിലെ ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ ഏകദേശം 2,500 ഡോളറിലധികം  സാമ്പത്തിക ബാധ്യത ഡ്രൈവർക്ക് നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.