യുഎന്‍ടി ഡാളസിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്ലര്‍ ഷ്‌ലിറ്റ്‌സ്

By: 600002 On: May 14, 2026, 8:56 AM



 

പി പി ചെറിയാന്‍

ഡാളസ്: യുഎന്‍ടി ഡാളസ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18-കാരി ഹന ടെയ്ലര്‍ ഷ്‌ലിറ്റ്‌സ്. പബ്ലിക് ലീഡര്‍ഷിപ്പ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനിലാണ് ഹന മാസ്റ്റര്‍ ബിരുദം നേടിയത്.

16-ാം വയസ്സില്‍ ടെക്‌സാസ് വുമണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഹന നേരത്തെ റെക്കോര്‍ഡ് ഇട്ടിരുന്നു. ആ റെക്കോര്‍ഡ് ഇപ്പോള്‍ മാസ്റ്റര്‍ ബിരുദത്തിലും ആവര്‍ത്തിച്ചു.

എത്യോപ്യയില്‍ ജനിച്ച ഹനയെ 2008-ലാണ് അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്തത്. ഹനയുടെ ജന്മനല്‍കിയ അമ്മ ക്ഷയരോഗം  ബാധിച്ചാണ് മരിച്ചത്. ശിശുവായിരിക്കെ ഹനയും ഇതേ രോഗത്താല്‍ മരണത്തോട് പൊരുതിയിരുന്നു.

ദുരന്ത നിവാരണ മേഖലയില്‍ പിഎച്ച്ഡി എടുക്കാനാണ് ഹനയുടെ തീരുമാനം. തന്നെപ്പോലെ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

ഹനയുടെ സഹോദരങ്ങളും സമാനമായ രീതിയില്‍ ചെറിയ പ്രായത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. തന്റെ വളര്‍ച്ചയില്‍ കുടുംബം നല്‍കിയ പിന്തുണ വലുതാണെന്ന് ഹന പറഞ്ഞു.