വിദേശ രാജ്യങ്ങളിൽ കാനഡയ്ക്കായി വിസ സേവനങ്ങൾ നൽകുന്ന വി.എഫ്.എസ് ഗ്ലോബലിൻ്റെ ചില കേന്ദ്രങ്ങളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളും തട്ടിപ്പുകളും നടക്കുന്നതായി കാനഡ സർക്കാരിൻ്റെ ആഭ്യന്തര രേഖകൾ. ഏജൻ്റുമാർ അമിത നിരക്ക് ഈടാക്കുന്നതായും പ്രീമിയം സേവനങ്ങൾക്കായി അപേക്ഷകർ നിർബന്ധിക്കപ്പെടുന്നതായും ഇമിഗ്രേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി.
ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിസ അപ്പോയിൻമെൻ്റുകൾ ഏജൻ്റുമാർ മറിച്ചുവിൽക്കുന്നതായും ഒരു അപ്പോയിൻമെൻ്റിന് ഏകദേശം 21,000 രൂപ വരെ ഈടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സാധാരണ നിരക്കിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരെ ദീർഘനേരം കാത്തുനിർത്തിച്ച്, കൂടുതൽ പണം നൽകിയുള്ള 'പ്രീമിയം ലോഞ്ച്' സേവനങ്ങൾ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി പരാതിയുണ്ട്.
റഷ്യ പോലുള്ള രാജ്യങ്ങളിൽ മാൽവെയർ ആക്രമണങ്ങളും ഇൻ്റർനെറ്റ് തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ പശ്ചാത്തല പരിശോധനയിലെ പോരായ്മകളും വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മെക്സിക്കോയിൽ അപേക്ഷകർക്ക് വി.എഫ്.എസ് ഉദ്യോഗസ്ഥർ തെറ്റായ നിയമോപദേശങ്ങൾ നൽകുന്നതായും ആക്ഷേപമുണ്ട്. 2012 മുതൽ 725 ദശലക്ഷം ഡോളറിലധികം (ഏകദേശം 6,000 കോടി രൂപ) മൂല്യമുള്ള കരാറുകളാണ് കാനഡ സർക്കാർ വി.എഫ്.എസിന് നൽകിയിരിക്കുന്നത്. 2027 ഒക്ടോബർ വരെയാണ് നിലവിലെ കരാർ കാലാവധി.
തങ്ങൾ കൃത്യമായ ഓഡിറ്റിംഗും പശ്ചാത്തല പരിശോധനയും നടത്തുന്നുണ്ടെന്ന് വി.എഫ്.എസ് ഗ്ലോബൽ അറിയിച്ചു. തട്ടിപ്പുകൾ തടയാൻ നടപടികൾ എടുക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. വി.എഫ്.എസ് സേവനങ്ങളിൽ തൃപ്തിയുണ്ടെന്ന് ഇമിഗ്രേഷൻ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും, അപേക്ഷകർ പലയിടത്തും 'ബന്ദികളാക്കപ്പെട്ട' അവസ്ഥയിലാണെന്ന് കുടിയേറ്റ നിയമവിദഗ്ധർ വിമർശിക്കുന്നു. കാനഡ വിസയ്ക്കായി അപേക്ഷിക്കുന്ന സാധാരണക്കാർ ഏജൻ്റുമാരുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കൂടുതൽ കർശനമായ പരിശോധനകൾ വേണമെന്നാണ് ഉയരുന്ന ആവശ്യം.