ആൽബർട്ട വിഘടനവാദ ഹിതപരിശോധന ഹർജി കോടതി തള്ളി; ആദിവാസി വിഭാഗങ്ങളുമായി ചർച്ച നടത്തിയില്ലെന്ന് കണ്ടെത്തൽ

By: 600110 On: May 14, 2026, 8:46 AM

കാനഡയിൽ നിന്നും വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നടക്കാനിരുന്ന ഹിതപരിശോധനയ്ക്ക് അനുമതി നിഷേധിച്ച് ആൽബർട്ട കോടതി. വിഘടനവാദ നീക്കത്തിന് മുന്നോടിയായി പ്രദേശത്തെ ആദിവാസി വിഭാഗങ്ങളുമായി സർക്കാർ കൂടിയാലോചനകൾ നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഷൈന ലിയോണാർഡിൻ്റെ നിർണ്ണായക വിധി. കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച പ്രീമിയർ ഡാനിയേൽ സ്മിത്ത്, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രഖ്യാപിച്ചു.

ഹിതപരിശോധനയ്ക്കായി സമർപ്പിക്കപ്പെട്ട ഹർജി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കാനഡയിൽ നിന്നുള്ള വേർപിരിയൽ 'ട്രീറ്റി 7', 'ട്രീറ്റി 8' കരാറുകളെയും ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങളെയും നേരിട്ട് ബാധിക്കും. ഇത്തരം സുപ്രധാന തീരുമാനങ്ങളിൽ അവരുമായി ചർച്ച നടത്തേണ്ടത് സർക്കാരിൻ്റെ നിയമപരമായ ബാധ്യതയാണ്.അതിനാൽ ചീഫ് ഇലക്ടറൽ ഓഫീസർ ഈ ഹർജിക്ക് തുടക്കത്തിലേ അനുമതി നൽകാൻ പാടില്ലായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിൽ പാസാക്കിയ ഹിതപരിശോധനാ നിയമത്തിൽ ഭരണഘടനാപരമായ പരിശോധനകൾ ഒഴിവാക്കിയതിനെ കോടതി വിമർശിച്ചു. 

ഏകദേശം 3,00,000 പേർ ഒപ്പിട്ട ഹർജി തള്ളിയത് ജനശബ്ദത്തെ അടിച്ചമർത്തുന്നതിന് തുല്യമാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് ആരോപിച്ചു. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, സർക്കാർ നികുതിപ്പണം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും ആൽബർട്ട കാനഡയുടെ ഭാഗമായി തുടരണമെന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി പ്രതികരിച്ചു.

വിഘടനവാദികൾ മൂന്ന് ലക്ഷത്തിലധികം ഒപ്പുകൾ ശേഖരിച്ചപ്പോൾ, കാനഡയ്ക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുന്ന 'ഫോറെവർ കനേഡിയൻ'  എന്ന ക്യാമ്പയിൻ നാല് ലക്ഷത്തിലധികം ഒപ്പുകൾ ശേഖരിച്ച് ഇതിനകം കരുത്ത് തെളിയിച്ചിട്ടുണ്ട്. കോടതി വിധിയോടെ വിഘടനവാദ നീക്കങ്ങൾക്ക് താൽക്കാലിക തിരിച്ചടി നേരിട്ടിരിക്കുകയാണ്.