79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

By: 600002 On: May 13, 2026, 1:25 PM




79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ് എന്നീ സിനിമകളും ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിക്കും. 2024 ല്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യക്കാരിയായ പായല്‍ കപാഡിയ ഇത്തവണ 'കാന്‍ ക്രിട്ടിക്സ് വീക്ക്' ജൂറി അധ്യക്ഷയാണ്.

79ാമത് കാന്‍ ചലച്ചിത്ര മേളയില്‍ 6 ഇന്ത്യന്‍ സിനിമകളാണ് ഉള്ളത്. അതില്‍ തന്നെ 2 എണ്ണം മലയാള സിനിമകളാണെന്നത് കേരളത്തിന് അഭിമാനം പകരുന്നു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത് ജോയ് മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 1986ല്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ 'കാന്‍ ക്ലാസിക്സ്' വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മേയ് 16ന് വൈകീട്ട് 3.45നാണ് കാനില്‍ അമ്മ അറിയാന്‍ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ 4K രൂപത്തില്‍ റീസ്റ്റോര്‍ ചെയ്ത പതിപ്പാണ് കാനില്‍ പ്രദര്‍ശിപ്പിക്കുക.

മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലന്‍: ദ ബോയ്' കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മാര്‍ക്കറ്റിങ് സ്‌ക്രീനിങ്ങ് വിഭാഗത്തിലാണ് ബാലന്റെ പ്രദര്‍ശനം.