ആഗോള വിപണിയിലെ ഇന്ധനവില വർദ്ധനയെത്തുടർന്ന് കാനഡയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ പത്തിൽ നിന്ന് ഏഴായും, വാൻകൂവറിലേക്കുള്ള സർവീസുകൾ ഏഴിൽ നിന്ന് അഞ്ചായും കുറച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യത്തെത്തുടർന്ന് ജെറ്റ് ഇന്ധന വില കുത്തനെ ഉയർന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
കൂടാതെ, ഏപ്രിൽ പത്ത് മുതൽ നോർത്ത് അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് 280 യു.എസ് ഡോളർ ഫ്യുവൽ സർചാർജ് ആയി എയർ ഇന്ത്യ അധികമായി ഈടാക്കിത്തുടങ്ങി. കാനഡയിലുള്ള ഏകദേശം 13.5 ലക്ഷം വരുന്ന ഇന്ത്യൻ വംശജരുടെ യാത്രകളെ ഈ തീരുമാനം കാര്യമായി ബാധിച്ചേക്കും. എയർ ഇന്ത്യയ്ക്ക് പുറമെ എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും കാനഡയിൽ നിന്നുള്ള തങ്ങളുടെ സർവീസുകളിൽ കുറവ് വരുത്തിയിട്ടുണ്ട്. ലാഭകരമല്ലാത്ത റൂട്ടുകളിൽ നിന്നും വിമാനങ്ങൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായി ഏഴോളം റൂട്ടുകളാണ് എയർ കാനഡ കഴിഞ്ഞ മാസം റദ്ദാക്കിയത്.
ഇന്ധനവില ഇരട്ടിയായി വർദ്ധിച്ചതോടെ പല സർവീസുകളും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനികളുടെ വിശദീകരണം. വിമാന സർവീസുകൾ കുറഞ്ഞതോടെ ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവുണ്ടാകുമെന്ന ആശങ്കയിലാണ് കാനഡയിലെ പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ള യാത്രക്കാർ. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുകയോ പകരമുള്ള യാത്രാ മാർഗ്ഗങ്ങൾ ഒരുക്കുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.