ഖൽസ ദിന പരേഡിൽ മാരകായുധവുമായി ഒരാൾ പങ്കെടുത്തതായി സൂചന; പരാതി ലഭിച്ചില്ലെന്ന് പോലീസ്

By: 600110 On: May 13, 2026, 7:08 AM

കാനഡയിലെ മിസിസാഗയിൽ മെയ് മൂന്നിന് നടന്ന ഖൽസ ദിന പരേഡിൽ  പങ്കെടുത്ത ഒരാൾ വേട്ടയാടാൻ ഉപയോഗിക്കുന്ന തരം വില്ലുമായി എത്തിയത് വിവാദമാകുന്നു. മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരന്ന ചടങ്ങിൽ, ഇയാൾ അമ്പും വില്ലുമായി നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളിൽ ഇയാൾ നിൽക്കുന്ന സ്ഥലം മാൾട്ടൺ മേഖലയിലെ ഡാർസൽ അവന്യൂവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ നിലവിൽ കേസെടുത്തിട്ടില്ലെന്നുമാണ് പീൽ റീജിയണൽ പോലീസിന്റെ വിശദീകരണം.

പൊതുസ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും മാരകായുധങ്ങൾ കൈവശം വെക്കുന്നത് ക്രിമിനൽ നിയമപ്രകാരം കുറ്റകരമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. വീഡിയോയിൽ കാണുന്ന ആയുധം യഥാർത്ഥമാണോ അതോ വെറുമൊരു മാതൃകയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട ഈ ആഘോഷത്തിന് ഇത്തരം ആയുധങ്ങളുടെ ആവശ്യമില്ലെന്ന് അവിടെയുണ്ടായിരുന്നവർ തന്നെ ഇയാളോട് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പരിപാടിയുടെ സംഘാടകരായ ഒൻ്റാരിയോ ഖൽസ ദർബാർ പ്രതിനിധികൾ അറിയിച്ചു. പൊതുപരിപാടികളിലെ ഇത്തരം പ്രവണതകൾ ജനങ്ങൾക്കിടയിൽ വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.