വാഹനങ്ങൾ കേടുവരുത്തി കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കുന്ന സംഘം എഡ്മൻ്റണിൽ പിടിയിൽ. എഡ്മൻ്റൺ, കാൽഗറി മേഖലകളിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് വാഹനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി, അവ ബോധപൂർവ്വം കേടുവരുത്തി കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കുന്ന ആറംഗ സംഘത്തെയാണ് എഡ്മൻ്റൺ പൊലീസ് പിടികൂടിയത്.
24-നും 39-നും ഇടയിൽ പ്രായമുള്ള ആറ് പേരാണ് കേസിലെ പ്രതികൾ. ഇതിൽ നാല് പേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിൽപനക്കാരെ കബളിപ്പിച്ച് വാഹനത്തിൻ്റെ ഭാഗങ്ങൾ കേടുവരുത്തുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്ത ശേഷം, അത് ശരിയാക്കാൻ വലിയ തുകയാകുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ വില കുറപ്പിക്കുന്നത്.
ഇത്തരത്തിൽ തട്ടിയെടുത്ത വാഹനങ്ങൾ വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയും മറ്റ് കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. 33 കുറ്റപത്രങ്ങളാണ് ഈ സംഘത്തിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. വിൽപ്പനക്കാരെ വഴിതെറ്റിക്കാനായി സംഘമായി എത്തുന്ന ഇവർ, കുടുംബാംഗങ്ങളാണെന്ന് നടിച്ചും വിൽപനക്കാരൻ്റെ ശ്രദ്ധ മാറ്റിയും വളരെ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയിരുന്നത്. ചില സന്ദർഭങ്ങളിൽ മണിക്കൂറുകളോളം വിൽപനക്കാരുമായി തർക്കത്തിലേർപ്പെട്ടും സമ്മർദ്ദം ചെലുത്തിയും ഇവർ കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ സ്വന്തമാക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒമ്പത് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.