നോർത്തേൺ ഒൻ്റാരിയോയിൽ കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

By: 600110 On: May 13, 2026, 6:33 AM

നോർത്തേൺ ഒൻ്റാരിയോയിൽ കുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുന്ന കേസുകൾ ഭയാനകമായി വർദ്ധിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിമുകൾ എന്നിവയ്ക്ക് പുറമെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് കുറ്റവാളികൾ കുട്ടികളെ ലക്ഷ്യമിടുന്നത്. കാനഡയിലെ കണക്കുകൾ പ്രകാരം 2014-നും 2024-നും ഇടയിൽ ഇത്തരം കേസുകളിൽ 374 ശതമാനം വർദ്ധനവുണ്ടായി.

കുട്ടികളെ പ്രലോഭിപ്പിച്ച് ദൃശ്യങ്ങൾ കൈക്കലാക്കുകയും പിന്നീട് അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാവുകയാണ്. കാനഡയിൽ പ്രതിദിനം ശരാശരി ആറ് സെക്സ്റ്റോർഷൻ പരാതികളാണ് ലഭിക്കുന്നത്.കുട്ടികളുടെ വ്യാജ ദൃശ്യങ്ങൾ നിർമ്മിക്കുന്ന 'ഡീപ്ഫേക്ക്' കേസുകളിൽ 125 ശതമാനം വർദ്ധനവുണ്ടായി. കുട്ടികളെപ്പോലെ നടിച്ച് ഓൺലൈനിൽ സൗഹൃദം സ്ഥാപിക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. 'ലവ് ബോംബിംഗ്' എന്ന രീതിയിലൂടെ കുട്ടികൾക്ക് അമിതമായ സ്നേഹവും സമ്മാനങ്ങളും നൽകി വിശ്വാസം നേടിയെടുക്കും. പിന്നീട് ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ആവശ്യപ്പെടുകയാണ് പതിവ്. ഡോക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.

കുട്ടികളോട് ഇൻ്റർനെറ്റ് സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ തുറന്നു സംസാരിക്കണമെന്ന് പൊലീസ് പറയുന്നു. കുട്ടികൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളെക്കുറിച്ചും ഗെയിമുകളെക്കുറിച്ചും മാതാപിതാക്കൾക്ക് ധാരണയുണ്ടായിരിക്കണം. കുട്ടികളുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ഏകാന്തത, കൂടുതൽ സമയം ഫോണിൽ ചിലവഴിക്കുക എന്നിവ ശ്രദ്ധിക്കണം. വീട്ടിലിരിക്കുമ്പോൾ മാതാപിതാക്കൾ ഫോൺ ഉപയോഗം കുറച്ച് കുട്ടികളുമായി കൂടുതൽ സമയം ചിലവഴിച്ച് മാതൃകയാകണം.

കുട്ടികൾ ഓൺലൈൻ ഭീഷണികൾ പലപ്പോഴും പുറത്തു പറയാറില്ല. അതിനാൽ ഏത് കുട്ടിയും ഇരയാക്കപ്പെടാം എന്ന ബോധ്യത്തോടെ രക്ഷിതാക്കൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു. വരും വർഷങ്ങളിൽ നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനുള്ള നടപടികൾ സർക്കാർ ആലോചിച്ചുവരികയാണ്.