ഒൻ്റാരിയോയിലെ സ്വകാര്യ കോളേജുകൾ ട്രക്ക് ഡ്രൈവർമാർക്ക് കൃത്യമായ പരിശീലനം നൽകുന്നതിൽ പരാജയപ്പെടുന്നതായി ഓഡിറ്റർ ജനറലിൻ്റെ പുതിയ റിപ്പോർട്ട്. പരിശീലന സമയം വെട്ടിക്കുറയ്ക്കുന്നതും തെറ്റായ രേഖകൾ ചമയ്ക്കുന്നതും റോഡുകളിൽ വലിയ അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
സർക്കാർ നിർദ്ദേശിച്ച 103.5 മണിക്കൂർ പരിശീലനത്തിന് പകരം ചില കോളേജുകൾ 59.5 മണിക്കൂർ മാത്രമാണ് ക്ലാസ് നൽകുന്നത്.
ഒൻ്റാരിയോയിലെ വാഹനങ്ങളിൽ മൂന്ന് ശതമാനം മാത്രമാണ് വലിയ ട്രക്കുകൾ. എന്നാൽ മരണകാരണമായ റോഡപകടങ്ങളിൽ 12 ശതമാനത്തിലും ട്രക്കുകൾ ഉൾപ്പെടുന്നു. ഫോൺ ഉപയോഗം ഉൾപ്പടെയുള്ള പ്രധാനപ്പെട്ട ഡ്രൈവിംഗ് രീതികൾ (ഉദാഹരണത്തിന് റിവേഴ്സ് പാർക്കിംഗ്, എമർജൻസി സ്റ്റോപ്പ്) അധ്യാപകർ പഠിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.2019-ൽ 93 കോളേജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2024 ആയപ്പോഴേക്കും ഇത്തരം പരിശീലന കേന്ദ്രങ്ങളുടെ എണ്ണം 205 ആയി ഉയർന്നു. എന്നാൽ ഇതിന് അനുസരിച്ചുള്ള പരിശോധനകൾ സർക്കാർ നടത്തുന്നില്ല. 2025 മാർച്ച് മാസത്തെ കണക്ക് പ്രകാരം, നാലിലൊന്ന് കോളേജുകളിലും ഇതുവരെ ഒരൊറ്റ പരിശോധന പോലും നടന്നിട്ടില്ലെന്ന് ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ അപകടങ്ങൾ പരിശോധിച്ചപ്പോൾ, ട്രക്കുകൾ ഉൾപ്പെട്ട അപകടങ്ങളിൽ 46 ശതമാനത്തിലും പിഴവ് ഡ്രൈവർമാരുടെ ഭാഗത്തായിരുന്നു. പല കോളേജുകളും വിദ്യാർത്ഥികൾ കോഴ്സ് പൂർത്തിയാക്കിയെന്ന വ്യാജരേഖകൾ ഉണ്ടാക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കോളേജുകളുടെ മേൽനോട്ടം സർക്കാർ ശക്തമാക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. പരിശീലന നിലവാരം ഉറപ്പാക്കാതെ ഡ്രൈവർമാർക്ക് ലൈസൻസ് നൽകുന്നത് പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്നും ഓഡിറ്റർ ജനറൽ മുന്നറിയിപ്പ് നൽകി.