ക്യാൻവാസ് ലേണിംഗ് സിസ്റ്റത്തിൽ വൻ സൈബർ ആക്രമണം: ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു

By: 600110 On: May 13, 2026, 6:27 AM

പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ക്യാൻവാസ് (Canvas) ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് കാനഡയിലെ പ്രമുഖ സർവ്വകലാശാലകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ ചോർന്നു. എന്നാൽ, മോഷ്ടിച്ച വിവരങ്ങൾ നശിപ്പിക്കാമെന്ന് ഹാക്കർമാർ സമ്മതിച്ചതായി ക്യാൻവാസിന്റെ ഉടമസ്ഥരായ ഇൻസ്ട്രക്ചർ (Instructure) അറിയിച്ചു. 'ഷൈനി ഹണ്ടേഴ്സ്' എന്ന ഹാക്കർ ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിൽ. 

ലോകമെമ്പാടുമുള്ള ഏകദേശം 9,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 27.5 കോടി വിവരങ്ങൾ വിവരങ്ങൾ കൈക്കലാക്കി എന്നായിരുന്നു ഹാക്കർമാർ അവകാശപ്പെട്ടത്. ടൊറൻ്റോ, , ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട സർവ്വകലാശാലകളെ ഇത് ബാധിച്ചിട്ടുണ്ട്. എന്നാൽ മോഷ്ടിച്ച വിവരങ്ങൾ നശിപ്പിച്ചുവെന്ന ഡിജിറ്റൽ സ്ഥിരീകരണം ഹാക്കർമാരിൽ നിന്ന് ലഭിച്ചതായി ഇൻസ്ട്രക്ചർ കമ്പനി വ്യക്തമാക്കി. ഇതിനായി ഹാക്കർമാർക്ക് പണം നൽകിയോ എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആക്രമണം ശ്രദ്ധയിൽപ്പെട്ടതോടെ പല സർവ്വകലാശാലകളും തങ്ങളുടെ ഓൺലൈൻ ലേണിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. വിദ്യാർത്ഥികളോട് പാസ്‌വേഡുകൾ മാറ്റാനും ജാഗ്രത പാലിക്കാനും നിർദ്ദേശ നൽകിയിട്ടുണ്ട്.

ഹാക്കർമാരുമായി കരാറിലേർപ്പെടുന്നത് ഭാവിയിൽ കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് വഴിതെളിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. വിവരങ്ങൾ നശിപ്പിച്ചുവെന്ന് ഹാക്കർമാർ അവകാശപ്പെടുമ്പോഴും, ഇതിൻ്റെ കോപ്പികൾ അവർ കൈവശം വെച്ചിട്ടുണ്ടാകുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും നിലനിൽക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖല പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന കാലത്ത്, സൈബർ സുരക്ഷ എത്രത്തോളം പ്രധാനമാണെന്നാണ്  സംഭവം ഓർമ്മിപ്പിക്കുന്നത്.