കഴിഞ്ഞ വർഷം ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നിൽ ചാറ്റ് ജിപിടിയുടെ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ കോടതിയെ സമീപിച്ചു. ആക്രമണം നടത്താൻ ആവശ്യമായ സ്ഥലവും സമയവും ആയുധങ്ങളും സംബന്ധിച്ച നിർദ്ദേശങ്ങൾ ചാറ്റ് ബോട്ട് കൊലയാളിക്ക് നൽകിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാൽ കൂടുതൽ മാധ്യമശ്രദ്ധ ലഭിക്കുമെന്ന് പോലും എഐ ഉപദേശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ച കമ്പനിയുടെ നടപടിയാണ് തൻ്റെ ഭർത്താവിൻ്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട ടിരു ചബ്ബയുടെ ഭാര്യ വന്ദന ജോഷി പറഞ്ഞു. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ തിരക്കേറിയ സമയങ്ങളും ഇരകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും കൊലയാളി ചാറ്റ് ജിപിടിയോട് ചോദിച്ചറിഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇൻ്റർനെറ്റിൽ ലഭ്യമായ വസ്തുതാപരമായ വിവരങ്ങൾ മാത്രമാണ് നൽകിയതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളെ തങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നുമാണ് ഓപ്പൺ എഐയുടെ വാദം.
ഇതിനു മുൻപും സമൂഹമാധ്യമങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നുവെന്ന പേരിൽ ആഗോളതലത്തിൽ നിയമനടപടികൾ നേരിട്ടിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് ഈ കേസ് വഴിയൊരുക്കിയിരിക്കുകയാണ്.