പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണെന്ന് നടിച്ച് സ്‌കൂളില്‍ പ്രവേശനം നേടിയ 28-കാരിയെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. ബ്രോങ്ക്‌സിലെ വെസ്റ്റ്‌ചെസ്റ്റര്‍ സ്‌ക്വയര്‍ അക്കാദമിയിലാണ് സിറ്റി ഹൈസ്‌കൂള്‍ അധികൃതരെ കബളിപ്പിച്ച് കാസി ക്ലാസന്‍ എന്ന യുവതി പഠിക്കാനെത്തിയത്.
ഷമാറ റഷാദ് എന്ന പേരില്‍ 16-കാരിയാണെന്ന് അവകാശപ്പെട്ടാണ് ക്ലാസന്‍ ഏപ്രില്‍ 13-ന് സ്‌കൂളില്‍ ചേര്‍ന്നത്.
യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രിന്‍സിപ്പല്‍ മാര്‍ക്വെസ് റിച്ച്, ഫേസ്ബുക്കിലൂടെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ തെളിവുകള്‍ സഹിതം ചോദ്യം ചെയ്തതോടെ ക്ലാസന്‍ കുറ്റം സമ്മതിച്ചു.
കൂടുതല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ഒരു സുഹൃത്ത് തന്നെ നിര്‍ബന്ധിച്ചതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളോട് 'മൃതദേഹങ്ങള്‍ ഒളിപ്പിക്കുന്നതിനെക്കുറിച്ച്' സംസാരിച്ച് യുവതി ഭീതി പരത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അറസ്റ്റ് ചെയ്ത യുവതിക്കെതിരെ അതിക്രമിച്ചു കയറല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ താല്‍ക്കാലിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.